പത്തനംതിട്ട : ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി തീര്‍ഥാടകരുടെ സുരക്ഷിത യാത്രയ്‌ക്കായി സന്നിധാനത്ത് വിപുലമായ ഒരുക്കങ്ങള്‍. മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് ബസ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത് (Sabarimala Transport Preparations). തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പും കേരള റോഡ് സുരക്ഷ അതോറിറ്റിയും പൊലീസ്, പൊതുമരാമത്ത്, ഫയര്‍ഫോഴ്‌സ്, ദേവസ്വം ബോര്‍ഡ്, ആരോഗ്യ വകുപ്പ്, ബിഎസ്എന്‍എല്‍ തുടങ്ങിയവയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ശബരിമല സേഫ്‌സോണ്‍ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
റോഡുകള്‍ പരിചിതമാക്കാൻ ലഘു വീഡിയോകള്‍ :അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഡ്രൈവര്‍മാര്‍ക്ക് റോഡുകള്‍ പരിചിതമാകുന്നതിനായി ലഘു വീഡിയോകള്‍ തയാറാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സൈന്‍ ബോര്‍ഡുകളും റിഫ്‌ളക്‌ടറുകളും ബ്ലിങ്കറുകളും കോണ്‍വെക്‌സ് ദര്‍പ്പണങ്ങളും ഹെല്‍പ് ലൈന്‍ നമ്പറുകളുള്ള ബോര്‍ഡുകളും വഴിയിലുടനീളം സ്ഥാപിച്ച് വാഹനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തും. ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലയളവില്‍ കെഎസ്‌ആര്‍ടിസി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അധിക സര്‍വീസുകള്‍ നടത്തും. തിരക്കിനനുസൃതമായി മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ബസ് സർവീസുകൾ ഇങ്ങനെ : ഡിസംബര്‍ അഞ്ച് വരെയുള്ള ആദ്യഘട്ടത്തില്‍ 140 ലോ ഫ്‌ളോര്‍ നോണ്‍ എ സി, 60 വോള്‍വോ ലോ ഫ്‌ളോര്‍ എസി, 15 ഡീലക്‌സ്, 245 സൂപ്പര്‍ഫാസ്റ്റ് - ഫാസ്റ്റ് പാസഞ്ചര്‍, 10 സൂപ്പര്‍ എക്‌സ്‌പ്രസ്, മൂന്ന് ഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 473 ബസുകളും ഡിസംബര്‍ ആറ് മുതലുള്ള രണ്ടാംഘട്ടത്തില്‍ 140 നോണ്‍ എ സി ലോ ഫ്‌ളോര്‍, 60 വോള്‍വോ എ സി ലോ ഫ്‌ളോര്‍, 285 ഫാസ്റ്റ് പാസഞ്ചര്‍ - സൂപ്പര്‍ ഫാസ്റ്റ്, 10 സൂപ്പര്‍ എക്‌സ്‌പ്രസ്, 15 ഡിലക്‌സ്, മൂന്നു ഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 513 ബസുകളും സര്‍വീസ് നടത്തും.
മകരവിളക്ക് കാലഘട്ടത്തില്‍ വിവിധ ഇനത്തിലുള്ള 800 ബസുകള്‍ സര്‍വീസിനായി വിനിയോഗിക്കും. ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലഘട്ടത്തില്‍ 14 സ്‌പെഷ്യല്‍ സര്‍വീസ് സെന്‍ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, ചെങ്ങന്നൂര്‍, കൊട്ടാരക്കര, പമ്പ, പുനലൂര്‍, അടൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് സ്‌പെഷ്യല്‍ സര്‍വീസ് സെന്‍ററുകള്‍. കേരളത്തിലെ എല്ലാ പ്രധാന സെന്‍ററുകളില്‍ നിന്നും ഡിമാന്‍ഡ് അനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിക്കും.