പത്തനംതിട്ട: മണ്ഡലമകര വിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്‌ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറക്കുക. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയ ശേഷമുള്ള ആദ്യ തീര്‍ഥാടനകാലമാണിത്. തീർഥാടനത്തിനായി ഓണ്‍ലൈനിലും സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളിലും ബുക്കുചെയ്യാം.
സജ്ജീകരണങ്ങളൊരുക്കി ആരോഗ്യ വകുപ്പ്:സുരക്ഷിതവും ആരോഗ്യകരവുമായ തീർഥാടന കാലം ഒരുക്കാൻ ആരോഗ്യ വകുപ്പ് സുസജ്ജമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ തീർഥാടകർക്കായി ഒരുക്കിയ 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല വാർഡ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ ബെഡ്ഡുകളിലും ഓക്‌സിജൻ സപ്ലൈ, വെന്‍റിലേറ്റർ, പോർട്ടബിൾ വെന്‍റിലേറ്റർ, ഓക്‌സിജൻ ബെഡ്, ഇസിജി, ഓക്‌സിജൻ കോൺസൻട്രേറ്റർ, മൾട്ടി പാരാമോണിറ്റർ, ബൈപാസ് വെന്‍റിലേറ്റർ തുടങ്ങി ഐസിയു അടക്കമുള്ള അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ശബരിമല തീര്‍ഥാടനത്തിന് ഗതാഗത വകുപ്പ് ഒരുക്കിയ സജ്ജീകരണത്തെക്കുറിച്ച് മന്ത്രി ആന്‍റണി രാജു സംസാരിക്കുന്നു ശബരിമല വാർഡിൽ 18ഉം കാർഡിയോളജി വിഭാഗത്തിൽ രണ്ടുമടക്കം 20 ബെഡ്ഡുകൾ ഒരുക്കിയിട്ടുണ്ട്. ജീവൻ രക്ഷാമരുന്നുകൾ, ജീവൻ രക്ഷയ്‌ക്കായുള്ള ഉപകരണങ്ങൾ, ലാബ് ടെസ്റ്റുകൾ തുടങ്ങി എല്ലാ സേവനങ്ങളും സൗജന്യമായി നൽകും. ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ശബരിമല വാർഡിലേക്ക് മാത്രമായി ഡോക്‌ടർമാർ, സ്റ്റാഫ് നഴ്‌സുമാർ, അറ്റൻഡർമാർ അടക്കമുളള ടീമിന്‍റെ 24 മണിക്കൂർ സേവനം ഒരുക്കിയിട്ടുണ്ട്.
ചികിത്സ ലഭ്യമാവുക മിനിറ്റുകള്‍ക്കകം:കോന്നി മെഡിക്കൽ കോളജിലും പ്രത്യേക വാർഡ് ക്രമീകരിച്ചിട്ടുണ്ട്. ഇത്തവണ പമ്പ കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. തീർഥാടന പാതയിയിൽ ഏതെങ്കിലും തീര്‍ഥാടകന് നെഞ്ചുവേദനയോ ഹൃദയ സ്‌തംഭനമോ ഉണ്ടായാൽ അവരുടെ അടുത്തേക്ക് അഞ്ച് മിനിറ്റിനുള്ളില്‍ ആരോഗ്യപ്രവര്‍ത്തകർ എത്തി വേണ്ട ശുശ്രൂഷ നൽകി പമ്പയിൽ എത്തിച്ച് ഉടൻ തന്നെ ജനറൽ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണവും ആവശ്യമെങ്കിൽ കാത്തിരപ്പള്ളിയിലേക്ക് കൊണ്ടുപോവുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാത്ത് ലാബും, കാർഡിയോളജിസ്റ്റുകളെയും അധികമായി നിയോഗിച്ചിട്ടുണ്ട്.
പൾമനോളജിസ്റ്റുകളുടെയും സേവനം ഉറപ്പുവരുത്തും. ആയുഷ് മേഖലയുമായി ബസപ്പെട്ട് ആയുർവേദം, ഹോമിയോ വകുപ്പുകളുമായി സഹകരിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നീലിമലയിലും അപ്പാച്ചി മേട്ടിലും കാർഡിയോളജി സെന്‍ററുകളുടെ പ്രവർത്തനം ആരംഭിച്ചു. എമർജൻസി മെഡിക്കൽ സെന്‍ററിലേക്കുള്ള ആരോഗ്യ പ്രവർത്തകർ പരിശീലനം പൂർത്തിയാക്കി ചുമതലയേറ്റു. പമ്പയിലും നിലയ്ക്കലും ഉള്ള ആശുപത്രികളിലെ സംവിധാനം കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്.
കൊവിഡാനന്തര രോഗങ്ങളുടെ പശ്ചാത്തലത്തിൽ ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ കൂടുതലായി ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഈ വർഷം അധികമായുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പേശിവേദന, മസിൽ പിടിത്തും എന്നിവ ഉണ്ടാകുന്നവർക്ക് സ്റ്റീം ചേംബർ സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. മലകയറുന്ന പ്രായമുള്ളവർക്ക് നടക്കുമ്പോൾ ബുദ്ധിമുട്ടനുഭവപ്പെട്ടാൽ അവരെ സഹായിക്കാന്‍ ആരോഗ്യ പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ജാഗ്രതനിര്‍ദേശം:ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പാതയിലെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ല കലക്‌ടറും ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍. പത്തനംതിട്ട മുതല്‍ പമ്പ വരെ തീര്‍ഥാടകരെത്തുന്ന പ്രധാന പാതയിലെ സ്ഥലങ്ങളായ മണ്ണാറക്കുളഞ്ഞി റോഡ്, കാരയ്ക്കാട് അക്യുഡേറ്റ്, വടശേരിക്കര ഇടത്താവളം, ബംഗ്ലാംകടവ്, പ്രയാര്‍ മഹാവിഷ്‌ണുക്ഷേത്രം, മാടമണ്‍കടവ്, അമ്പലക്കടവ്, പൂവത്തുംമൂട്, പെരുനാട് ഇടത്താവളം, ളാഹ, പ്ലാപ്പള്ളി എന്നിവിടങ്ങളാണ് കലക്‌ടറും സംഘവും സന്ദര്‍ശിച്ചത്.
ഇടത്താവളങ്ങളില്‍ കുടിവെള്ളം, കിടക്കാനുള്ള സൗകര്യങ്ങള്‍, ശുചിമുറി എന്നിവ ഉറപ്പാക്കി. കൂടാതെ, അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്ന സ്ഥലങ്ങള്‍ പരിശോധിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു. ഭക്തര്‍ കുളിക്കാന്‍ ഇറങ്ങാന്‍ സാധ്യതയുള്ള കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.
തിരക്കുണ്ടാകുന്ന സ്ഥലങ്ങള്‍, അഗ്നിബാധ, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, അപ്പം - അരവണ ലഭ്യമാകുന്ന സ്ഥലം, വെടിവഴിപാടിനുള്ള സ്ഥലം, ഗ്യാസ് സൂക്ഷിച്ചിരിക്കുന്ന സ്ഥലം എന്നിങ്ങനെ എല്ലാ സ്ഥലങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയ ഭൂപടം ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്. മാത്രമല്ല, അപകടസാധ്യതയുള്ള അഞ്ച് സ്ഥലങ്ങള്‍ പ്രത്യേകമായി കണ്ടെത്തിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ അടക്കമുള്ളവര്‍ കലക്‌ടറെ അനുഗമിച്ചു.
മോട്ടോര്‍ വാഹനവകുപ്പിന്‍റെ 'സേഫ് സോണി'ന് തുടക്കം:അടിയന്തരഘട്ടങ്ങളില്‍ ആവശ്യമായ സഹായം ഒരുക്കുക മാത്രമല്ല തീര്‍ത്ഥാടന പാതയിലെ അപകടങ്ങള്‍ തടയുന്ന ഉത്തരവാദിത്വം കൂടി മോട്ടോര്‍ വാഹനവകുപ്പിന്‍റെ സേഫ്‌സോണ്‍ പദ്ധതിയ്‌ക്കുണ്ടെന്ന് ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല പാതകളിൽ തീര്‍ഥാടകര്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനുള്ള മോട്ടോര്‍ വാഹനവകുപ്പിന്‍റെ സേഫ് സോണ്‍ പദ്ധതി ഇലവുങ്കലില്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കലക്‌ടര്‍.
പാതയില്‍ പട്രോളിങ് 24 മണിക്കൂറും:പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി നാന്നൂറോളം കിലോമീറ്റര്‍ റോഡ് സേഫ്സോണ്‍ പദ്ധതിയുടെ നിരീക്ഷണത്തിലാണ്. ഇലവുങ്കലില്‍ പ്രധാന കണ്‍ട്രോള്‍ റൂമും എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ സബ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യമുണ്ടാകുന്ന സ്ഥലത്ത് ഏഴ് മിനിറ്റിനുള്ളില്‍ സേഫ്സോണ്‍ പ്രവര്‍ത്തകര്‍ എത്തും. മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ക്കും കീഴിലായി സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. അപകടങ്ങള്‍ ഒഴിവാക്കുക, രക്ഷാപ്രവര്‍ത്തനം നടത്തുക എന്നിവയാണ് പ്രധാന ചുമതല.
പട്രോളിങ് ടീമുകള്‍ 24 മണിക്കൂറും ശബരിമല പാതയില്‍ ഉണ്ടാകും. ആംബുലന്‍സ്, ക്രെയിന്‍, റിക്കവറി സംവിധാനത്തോടുകൂടിയ ക്വിക്ക് റെസ്പോണ്‍സ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, തീര്‍ഥാടകര്‍ക്ക് അടിയന്തര സഹായം തേടുന്നതിന് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സജ്ജീകരിച്ചിട്ടുണ്ട്. സേഫ്സോണില്‍ സേവനം അനുഷ്‌ഠിക്കുന്ന വാഹനങ്ങള്‍ പൂര്‍ണമായും ജിപിഎസ് സംവിധാനം ഉള്ളവയായിരിക്കും. കണ്‍ട്രോണ്‍ റൂമുകളില്‍ നിന്നും ഇവയെ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും. രാജ്യത്തെ 30 വാഹന നിര്‍മാതാക്കളുമായി സഹകരിച്ച് തീര്‍ഥാടകരുടെ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് സേഫ്സോണ്‍ പദ്ധതിയില്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.