പത്തനംതിട്ട : മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്തുനിന്നും പുറപ്പെടും. ഉച്ചയ്ക്ക് 1ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെടുക.
ഇതിന് തുടക്കം കുറിച്ച് രാവിലെ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിൽ ശ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും തിരുവാഭരണങ്ങൾ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തിച്ചു. തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ ഭക്തസാഗരമാണ് ഇരുമുടിക്കെട്ടുമേന്തി പന്തളത്തെത്തിയിട്ടുള്ളത്. വലിയകോയിക്കല്‍ ക്ഷേത്രദര്‍ശനത്തിനും തിരുവാഭരണദര്‍ശനത്തിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ശബരിമല: തിരുവാഭരണ ഘോഷയാത്ര ഇന്ന് തുടങ്ങും വന്‍സുരക്ഷാ ക്രമീകരണങ്ങള്‍
തിരുവാഭരണഘോഷയാത്രയ്ക്ക് വന്‍സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ ഇന്നലെ ക്ഷേത്രത്തിലെത്തി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി.
250 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ അസിസ്റ്റന്‍റ് കമാണ്ടന്‍റ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള 40 സായുധ പൊലീസുകാരും ബോംബ് സ്‌ക്വാഡും ഘോഷയാത്രയെ അനുഗമിക്കും.
തിരുവാഭരണ ഘോഷയാത്ര ആദ്യ ദിനത്തിൽ കടന്നുപോകുന്ന സ്ഥലങ്ങൾ
ഉച്ചയ്ക്ക് 1ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന തിരുവാഭരണഘോഷയാത്ര ഉച്ചയ്ക്ക് 1.30ന് കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരും. 2ന് കുളനട ഭഗവതിക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ദര്‍ശനത്തിന് തുറക്കും.
തുടര്‍ന്ന് 2.15ന് കൈപ്പുഴ ഗുരുമന്ദിരത്തിൽ എത്തിച്ചേരും. 2.30ന് ഉള്ളന്നൂര്‍ ദേവീക്ഷേത്രത്തില്‍ തിരുവാഭരണ ദര്‍ശനമുണ്ടാകും. 3.15ന് കരിയറപ്പടി, പറയങ്കര, തവിടുപൊയ്ക വഴി 3.30ന് കുറിയാനിപ്പള്ളി ക്ഷേത്രത്തില്‍ എത്തും.
also read: പ്രതിപക്ഷ നേതാവിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു ; പൈലറ്റ് വാഹനം ഉൾപ്പടെ അനുവദിച്ച് ഉത്തരവ്
തുടര്‍ന്ന് കൂടുവെട്ടിക്കല്‍ വഴി കാവുംപടി ക്ഷേത്രത്തിലെത്തും. 4.30ന് കിടങ്ങന്നൂര്‍ ജംഗ്ഷന്‍, 5ന് നാല്‍ക്കാലിക്കല്‍ സ്‌കൂള്‍ ജംഗ്ഷന്‍, 5.30ന് ആറന്മുള കിഴക്കേനട, 5.45ന് പൊന്നുംതോട്ടം ക്ഷേത്രം വഴി 7ന് പാമ്പാടിമൺ ക്ഷേത്രത്തില്‍ ദര്‍ശനമൊരുക്കും. 8.30ന് ചെറുകോല്‍പ്പുഴ ക്ഷേത്രം, 9.30ന് അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി തിരുവാഭരണ പേടകം തുറന്നുവയ്ക്കും. ഇവിടെ ഘോഷയാത്രാസംഘം വിശ്രമിക്കും.