പത്തനംതിട്ട: മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ ബുധനാഴ്ച (ജനുവരി 12) പന്തളത്തു നിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപാകും. പതിനാലിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം ശിരസിലേറ്റി കാല്‍നടയായി ശബരിമലയിലെത്തിക്കുന്നത്.
പന്തളം വലിയതമ്പുരാന്‍ പി. രാമവര്‍മ രാജയുടെ പ്രതിനിധിയായി ശങ്കര്‍ വര്‍മയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ ഘോഷയാത്ര. ജനുവരി 12-ന് പുലര്‍ച്ചെ ആഭരണങ്ങള്‍ വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും.
രാവിലെ 11വരെ ഭക്തര്‍ക്ക് ആഭരണങ്ങള്‍ ദര്‍ശിക്കാനുള്ള സൗകര്യമുണ്ടാകും. ഉച്ചയോടെ ക്ഷേത്രത്തില്‍ ആചാരപരമായ ചടങ്ങുകള്‍ നടക്കും. രാജപ്രതിനിധി ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും. ഉച്ചയ്ക്ക് ഒന്നിന് യാത്ര തുടങ്ങും. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും.