ശബരിമല: ശരണമുഖരിതമായി മണ്ഡല പൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും ഭക്തിനിർഭരമായ ചടങ്ങുകളോടെ സന്നിധാനത്തെത്തിയ തങ്ക അങ്കിയ്ക്ക് ദീപ്‌തമായ വരവേൽപ്പാണ് നൽകിയത്. 41 ദിവസത്തെ മണ്ഡലകാലത്തിന് പരിസമാപ്‌തി കുറിച്ചുള്ള മണ്ഡല പൂജയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം.
തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി - sannidhanam
പമ്പയിൽ നിന്നും ശരംകുത്തിയിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം അധികൃതരും അയ്യപ്പസേവാ സംഘം പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു
വൈകുന്നേരം 5:30ഓടു കൂടി പമ്പയിൽ നിന്നും ശരംകുത്തിയിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം അധികൃതരും അയ്യപ്പസേവാ സംഘം പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. തീവെട്ടിയുടെയും സായുധ സേനയുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ ഘോഷയാത്ര സന്നിധാനത്തേക്കെത്തിയത്. തങ്ക അങ്കി പതിനെട്ടാം പടി തൊട്ടതോടെ ശരണം വിളികളാലും ദീപപ്രഭയാലും സന്നിധാനം ഭക്തിനിർഭരമായി.
പതിനെട്ടാം പടിയിലെ സ്വീകരണത്തിനു ശേഷം ശ്രീകോവിലിന് മുന്നിൽ ക്ഷേത്ര തന്ത്രിയും മേൽശാന്തിയും ചേർന്ന് തങ്ക അങ്കി ഏറ്റുവാങ്ങി. തുടർന്ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധനയാണ് നടന്നത്. ശബരിമല ക്ഷേത്ര മാതൃകയിൽ തയ്യാറാക്കിയ രഥത്തിൽ 23നാണ് ആറന്മുള ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര പുറപ്പെട്ടത്. മണ്ഡലപൂജയ്ക്ക് അയ്യന് ചാർത്താനായി ചിത്തിര തിരുനാൾ ബാലരാമവർമ 1973 ലാണ് തങ്ക അങ്കി നടയ്ക്കുവച്ചത്. 450 പവൻ തൂക്കമുള്ള തങ്ക അങ്കി അമ്പതോളം ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് സന്നിധാനത്ത് എത്തിയത്. വെള്ളിയാഴ്ച രാവിലെ 10 നും 11:40 ഇടയ്ക്കുള്ള കുംഭം രാശിയിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക.