പത്തനംതിട്ട: ശബരിമല ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് നടന്നു. ഇന്ന് (18.03.22) രാവിലെ 9 മണിയോടെ ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് 12 ന് പമ്പയിൽ ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ ആറാട്ട് പൂജകളും ആറാട്ടും നടന്നു.
ദേവസ്വം പ്രസിഡൻ്റ് അഡ്വ.കെ അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം അഡ്വ. മനോജ് ചരളേൽ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ് എന്നിവർ ആറാട്ടിന് പമ്പയിൽ എത്തിയിരുന്നു. നിരവധി ഭക്തർ ആറാട്ട് കാണാൻ പമ്പയിൽ എത്തിച്ചേർന്നിരുന്നു. ആറാട്ടിന് ശേഷം അയ്യപ്പ സ്വാമിയുടെ വിഗ്രഹം പമ്പാ ഗണപതി ക്ഷേത്രത്തിന് മുന്നിലായി പ്രത്യേക മണ്ഡപത്തിലിരുത്തി പറ സമർപ്പണം നടന്നു. വൈകുന്നേരം 5 മണിയോടെ ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് തിരിച്ചു.