പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശബരിമല നട തുറന്ന് ദീപം തെളിക്കും. ശേഷം ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ അഗ്നിപകരുന്നതോടെ, ഇരുമുടി കെട്ടേന്തി ശരണം വിളികളുമായി കാത്തുനില്‍ക്കുന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറി ദര്‍ശനം നടത്താന്‍ അനുവദിക്കും.
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും - തന്ത്രി കണ്‌ഠരര് മഹേഷ് മോഹനര്
ക്ഷേത്രനട തുറന്നതിന് ശേഷം നിര്‍മാല്യവും നെയ്യഭിഷേകവും നടക്കും. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവയുണ്ടാകും
ക്ഷേത്രനട തുറന്നതിന് ശേഷം നിര്‍മാല്യവും നെയ്യഭിഷേകവും നടക്കും. 5.15 ന് മഹാഗണപതി ഹോമം. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവയുണ്ടാകും. ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കുന്ന 21-ാം തീയതി സഹസ്രകലശപൂജയും അഭിഷേകവും നടക്കും.
ശബരിമല-മാളികപ്പുറം എന്നിവിടങ്ങളിലെക്കുള്ള പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെയാണ്. നറുക്കെടുപ്പ് നടപടിക്കായി മേല്‍ശാന്തിമാരുടെ ഇന്‍റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കി യോഗ്യത നേടിയ ഒമ്പത് പേര്‍ വീതമുള്ള രണ്ട് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ഈ വര്‍ഷം മുതല്‍ ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ കന്നിമാസം ഒന്ന് മുതല്‍ (17.9.19) കന്നിമാസം 31 വരെ ശബരിമലയിലും മാളികപ്പുറത്തും ആയി ഭജനമിരിക്കണം. ക്ഷേത്ര പൂജകളും കാര്യങ്ങളും കൂടുതലായി മനസിലാക്കുന്നതിന്‍റെ ഭാഗമായാണ് മേല്‍ശാന്തിമാര്‍ക്കായി ദേവസ്വം ബോര്‍ഡ് ഇത്തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി പത്തിന് നട അടയ്ക്കും. ഓണക്കാലത്ത് പ്രത്യേക പൂജകള്‍ക്കായി സെപ്‌തംബറിൽ നട തുറക്കും.