പത്തനംതിട്ട:ശബരിമല അയ്യപ്പ ദർശനത്തിനുള്ള സമയം വീണ്ടും ദീര്‍ഘിപ്പിച്ചു. ഇന്ന് മുതൽ ഉച്ചപൂജയ്ക്കു ശേഷം വൈകിട്ട് മൂന്നിന് തിരുനട തുറക്കും. നേരത്തെ ഇത് വൈകിട്ട് നാലിനായിരുന്നു.
നേരത്തേ രാവിലത്തെ അയ്യപ്പ ദർശനത്തിൻ്റെ സമയവും രണ്ട് മണിക്കൂർ വർധിപ്പിച്ചിരുന്നു. പുലർച്ചെ അഞ്ച് മണിയെന്നത് പുലർച്ചെ മൂന്ന് മണിയാക്കി മാറ്റുകയായിരുന്നു. ക്യൂ നിയന്ത്രണത്തിനും ഭക്തരുടെ സമയ നഷ്‌ടം ഒഴിവാക്കുന്നതിനും ഫലപ്രദമായ നടപടിയായി ഈ തീരുമാനം മാറി.
ഭക്തജന തിരക്ക് വീണ്ടും വർധിച്ച സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷവും ഒരു മണിക്കൂർ കൂടുതൽ സമയം അയ്യപ്പദർശനത്തിനായി മാറ്റി വച്ചത്. നിലവിൽ പുലർച്ചെ മൂന്ന് മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ രാത്രി 11 വരെയും ഭക്തർക്ക് അയ്യപ്പ ദർശനത്തിന് അവസരമുണ്ട്.
ശബരിമല മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി പവിത്രത കാത്തുസൂക്ഷിക്കണമെന്ന് ശബരിമല മേൽശാന്തി;ശബരിമലയും പരിസരവും പരിപാവനമായി കാത്തുസൂക്ഷിക്കണമെന്ന് ശബരിമല മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി അയ്യപ്പഭക്തരോട് അഭ്യര്‍ഥിച്ചു. ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ആശ്രയവും അഭയവുമായിട്ടുള്ള ശബരിമല ശ്രീ ധര്‍മശാസ്‌താവിന്‍റെ വിഗ്രഹം എത്രതന്നെ പവിത്രമാണോ അത്രതന്നെ പവിത്രമാണ് ഈ സന്നിധാനവും കലിയുഗവരദനായ ശ്രീ ധര്‍മ്മശാസ്‌താവിന്‍റെ പൂങ്കാവനമെന്ന് അറിയപ്പെടുന്ന ഈ വനമേടും.
ഇതിന്‍റെ പവിത്രത, ഇവിടെത്തെ ഓരോ തരി മണ്ണുപോലും നമുക്ക് ചന്ദനദിവ്യമാണ്. അത് സംരക്ഷിക്കണം. അതിനായി ഇവിടെ എത്തുന്ന ഓരോ ഭക്തരും പ്ലാസ്റ്റിക് പോലുള്ളതൊന്നും കൊണ്ടുവരാതിരിക്കുക. അതുപോലെതന്നെ കെട്ട് നിറയ്ക്കുന്നതും. സാധാരണ നിലയില്‍ പൂജാദ്രവ്യങ്ങള്‍ എല്ലാംതന്നെ കെട്ടിനുള്ളില്‍ നിറയ്ക്കണമെന്ന് പറയാറുണ്ടെങ്കിലും ശബരിമലയില്‍ എത്തിയിട്ട് ഇവിടെ ഉപേക്ഷിക്കാന്‍ സാധ്യതയുള്ള ഒന്നുംതന്നെ കൊണ്ടുവരാതിരിക്കാന്‍ ശ്രമിക്കണം.
പാപനാശിനിയായ പമ്പാനദി നമുക്ക് പവിത്രമാണ്. അവിടെ വസ്ത്രങ്ങളും മാലയുമൊന്നും ഉപേക്ഷിക്കരുത്. പമ്പാജലവും പവിത്രമായി സൂക്ഷിക്കണം. എല്ലാത്തിനുമുപരിയായി അയ്യപ്പനെ സേവിക്കാനായി ആരോഗ്യം, പരിസരം വൃത്തിയാക്കല്‍, ജനങ്ങളെ സേവിക്കല്‍. അങ്ങനെ എല്ലാ മേഖലയിലും മാനവസേവ മാധവസേവയാണെന്ന ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരുണ്ട്. അവരൊക്കെ പറയുന്നത് കേട്ട്, അവരുമായി സഹകരിച്ച് എല്ലാ ഭക്തന്‍മാരും ഈ സന്നിധാനവും ക്ഷേത്രവും രാജ്യത്തെ ഏറ്റവും ശ്രേഷ്‌ഠമായ തീര്‍ഥാടന കേന്ദ്രമായി മാറ്റണമെന്നും മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി അഭ്യര്‍ത്ഥിച്ചു.