പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവര് നട തുറന്നപ്പോള്‍ സന്നിധാനം ശരണമന്ത്രങ്ങളാല്‍ മുഖരിതമായി. മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി ശബരീശന്‍റെ തിരുവിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും, മാളികപ്പുറം തിരുനടയുടെ താക്കോലും ഏറ്റുവാങ്ങി ഗണപതിയേയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവില്‍ നടതുറന്നു.
മേല്‍ശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണന്‍ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിച്ചതോടെ ഭക്തരെ പതിനെട്ടാം പടിയിലൂടെ കടത്തിവിട്ടു. നിലക്കലില്‍ നിന്നും രാലിലെ 10 മണി മുതലാണ് വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടത്. 12 മണിയോടെ അയ്യപ്പന്‍മാര്‍ കാനന പാതയിലൂടെ സന്നിധാനത്തേക്ക് യാത്ര തുടങ്ങി.