പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. കൊവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഏഴ് മാസത്തിന് ശേഷമാണ് ഭക്തരെ ദർശനത്തിന് അനുവദിക്കുന്നത്. നവംബര്‍ 15ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായുള്ള ശബരിമല - മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ രാവിലെ നടക്കും.
തുലാമാസ പൂജകള്‍ക്കായി ശബരിമലനട തുറന്നു - Pathanamthitta
വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദിവസവും 250 പേര്‍ക്ക് മാത്രമാണ് പ്രവേശനം. കൊവിഡ് ഇല്ലെന്ന് 48 മണിക്കൂര്‍ മുമ്പ് നടത്തിയ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ദര്‍ശനത്തിനായി എത്തുന്ന ഓരോ അയ്യപ്പഭക്തര്‍ക്കും നിര്‍ബന്ധമാണ്
വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദിവസവും 250 പേര്‍ക്ക് മാത്രമാണ് പ്രവേശനം. കൊവിഡ് ഇല്ലെന്ന് 48 മണിക്കൂര്‍ മുമ്പ് നടത്തിയ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ദര്‍ശനത്തിനായി എത്തുന്ന ഓരോ അയ്യപ്പഭക്തര്‍ക്കും നിര്‍ബന്ധമാണ്. നിലയ്ക്കലില്‍ കൊവിഡ് 19 പരിശോധനാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. പമ്പയില്‍ അയ്യപ്പഭക്തര്‍ക്ക് കുളിക്കാന്‍ അനുമതിയില്ല. സ്നാനം നടത്താനായി പ്രത്യേകം ഷവറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കക്കൂസ്, കുളിമുറി സൗകര്യങ്ങള്‍ പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.
സ്വാമി അയ്യപ്പന്‍ റോഡിലൂടെയാണ് അയ്യപ്പഭക്തന്‍മാരുടെ മലകയറ്റവും മല ഇറക്കവും. ഇരുമുടിയുമായി പതിനെട്ടാം പടി കയറി വരുന്ന ഭക്തര്‍ കൊടിമരത്തിന് വലതു വശത്തുകൂടെ ദര്‍ശനത്തിനായി പോകണം. അയ്യപ്പന്‍മാര്‍ക്ക് കൊവിഡ്- 19 മാനദണ്ഡം പാലിച്ച് ദര്‍ശനം നടത്താനായി പ്രത്യേക മാര്‍ക്കുകള്‍ നടപ്പന്തല്‍ മുതല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീകോവിലിന് മുന്നിലൂടെയുള്ള ആദ്യത്തെയും അവസാനത്തെയും റോഡ് വഴിയാണ് ഭക്തര്‍ ദര്‍ശനം നടത്തി നീങ്ങേണ്ടത്. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ അവിടെയും ദര്‍ശനം നടത്തി പ്രസാദവും വാങ്ങി ഭക്തര്‍ക്ക് മലയിറങ്ങാം. ഭക്തര്‍ അഭിഷേകത്തിനായി കൊണ്ടുവരുന്ന നെയ്യ് പ്രത്യേക കൗണ്ടറില്‍ ശേഖരിച്ച ശേഷം മറ്റൊരു കൗണ്ടറിലൂടെ അവര്‍ക്ക് ആടിയ ശിഷ്ടം നെയ്യ് നല്‍കും. അപ്പം, അരവണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അന്നദാനം ചെറിയ തോതില്‍ ഉണ്ടാകും. ഭക്തര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്കായി ശബരിമലയില്‍ താമസ സൗകര്യം ഉണ്ടാവില്ല. പതിവ് പൂജകള്‍ക്ക് പുറമെ ഉദയാസ്തമന പൂജ, പടിപൂജ എന്നിവ ഉണ്ടാകും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.