കേരളം

kerala

ETV Bharat / state

ശബരിമല നട ഇന്ന് തുറക്കും: യുവതികൾ എത്തിയാൽ പ്രതിഷേധിക്കുമെന്ന് കർമ്മ സമിതി

നട തുറക്കുന്ന സാഹചര്യത്തിൽ ശബരിമലയിലും പരിസര പ്രദേശത്തും ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക.

കുംഭമാസ പൂജകൾക്കായി ഇന്ന് ശബരിമല നട തുറക്കും

By

Published : Feb 12, 2019, 9:58 AM IST

കുംഭമാസ പൂജകൾക്കായി ഇന്ന് ശബരിമല നട തുറക്കും. യുവതികൾ ദർശനത്തിനെത്തിയാൽ പ്രതിഷേധം നടത്തുമെന്ന് ശബരിമല കർമ്മ സമിതി വ്യക്തമാക്കിയ സാഹചര്യത്തിൽ വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഇത്തവണയും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ജില്ലാ പൊലീസിന്‍റെ ആവശ്യം. 17 ന് നട അടക്കുന്നത് വരെ നാല് സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജില്ലാ പൊലീസ് സൂപ്രണ്ട് കഴിഞ്ഞ ദിവസം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സന്നിധാനത്ത് വി. അജിത്, പമ്പയിൽ എച്ച്. മഞ്ജുനാഥ്, നിലക്കലിൽ പി. കെ. മധു എന്നിവര്‍ക്കാണ് സുരക്ഷാ ചുമതല. 2000 ത്തോളം പൊലീസ് സേനാംഗങ്ങളാണ് ശബരിമലയില്‍ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. 'നവോത്ഥാന കേരളം ശബരിമലക്ക്' എന്ന സമൂഹ മാധ്യമ കൂട്ടായ്മ കുംഭമാസ പൂജക്ക് ശബരിമലക്ക് പോകാൻ യുവതികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിയ യുവതികളും ഇത്തവണ എത്താൻ ഇടയുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിഷേധം ശക്തമാക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം. സ്ത്രീ പ്രവേശന വിധിയില്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട് മാറ്റവും പ്രതിഷേധത്തിന് ശക്തികൂട്ടും. ശബരിമല പുന:പരിശോധനാ ഹർജികളിൽ കോടതി വിധി വരുന്നത് വരെ വിഷയം സജീവമായി നിർത്താൻ സംഘപരിവാർ സംഘനകൾ തയ്യാറെടുക്കുമ്പോൾ സർക്കാർ എടുക്കുന്ന പ്രതിരോധ നിലപാടുകളും നിര്‍ണായകമാകും.

ABOUT THE AUTHOR

...view details