പത്തനംതിട്ട :കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എം.എന്‍ പരമേശ്വരന് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ച ശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകർന്നു.
കുംഭമാസ പൂജ: ശബരിമല നട തുറന്നു Also Read: കുംഭമാസ പൂജ : ശബരിമല നട 12 ന് തുറക്കും ; പ്രതിദിനം 15,000 ഭക്തര്‍ക്ക് ദര്‍ശനാനുമതി
നട തുറന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കുംഭം ഒന്നായ 13ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30നാണ് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം, 7.30ന് ഉഷപൂജ എന്നിവ നടക്കും. 13ന് പുലര്‍ച്ചെ മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും.
13 മുതല്‍ 17 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയ പൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. എല്ലാ ദിവസവും രാത്രി 9.50ന് ഹരിവരാസനം പാടി 10 മണിക്ക് തിരുനട അടയ്ക്കും.