പത്തനംതിട്ട : അയ്യപ്പ ഗീതങ്ങളും ശരണം വിളിയും കേട്ടു വളരുന്ന സന്നിധാനം ഗോശാലയിലെ പശുക്കള്‍ (Sabarimala Sannidhanam cattle farm). ഇവ ചുരത്തുന്ന പാലിനാൽ തന്നെ അയ്യപ്പന് പാലഭിഷേകം. ശരണ മന്ത്രങ്ങൾ ഉരുവിട്ട് പശുക്കളെ മേയ്ച്ചും പരിപാലിച്ചും ആനന്ദ് സാമന്തും ഒപ്പമുണ്ട്.
എന്നും പുലർച്ചെ രണ്ടുമണിയോടെ ആനന്ദും ദേവസ്വം ബോര്‍ഡ് മേല്‍നോട്ടത്തിലുള്ളത ഗോശാലയും ഉണരും. പശുക്കളെ വൃത്തിയാക്കിയതിനു ശേഷമാണ് പാൽ കറക്കൽ. അയ്യപ്പന് അഭിഷേകം ചെയ്യാനായി പശുക്കളിൽനിന്ന് കറന്നെടുത്ത പാൽ മൂന്ന് മണിയോട് കൂടി സന്നിധാനം ശ്രീകോവിലിൽ എത്തിക്കും. ഇവിടെ തുടങ്ങുന്നു ബംഗാള്‍ സ്വദേശിയായ ആനന്ദ് സാമന്തിന്‍റെ ദിനചര്യ.
കഴിഞ്ഞ എട്ടു വർഷമായി സന്നിധാനം ഗോശാലയുടെ പരിപാലകനാണ് 49 കാരനായ ആനന്ദ് സാമന്ത്. പശ്ചിമ ബംഗാളിൽ നിന്നും കോൺക്രീറ്റ് ജോലി തേടി പാലക്കാടെത്തിയ ആനന്ദ് ഒരു നിയോഗം പോലെയാണ് ശബരീ സന്നിധിയിലെത്തുന്നത്. ഗോശാലകളാൽ സമൃദ്ധമായ നാട്ടിലെ പരിചയം ഇവിടെയും തുണയായി.
11 വർഷങ്ങൾക്ക് മുമ്പ് 20 പശുക്കളുമായി ആരംഭിച്ച ഗോശാലയിൽ നിലവിൽ 31 കന്നുകാലികളാണുള്ളത് (cattle farm by Travancore Devaswom Board in Sabarimala). ഏഴു പശുക്കൾക്കാണ് കറവയുള്ളത്. 11 കാളക്കിടാക്കളും ഇതിൽ ഉൾപ്പെടുന്നു. എച്ച് എഫ്, ജാർസി, ബിച്ചു, ഗീർ എന്നീ ഇനത്തിലുള്ള കന്നുകാലികളാണ് ഇവിടെയുള്ളത്. 13 ലിറ്ററോളം പാലാണ് ദിനംപ്രതി ലഭ്യമാകുന്നത്.