കേരളം

kerala

ETV Bharat / state

കഠിനമാകുന്ന കരിമലകയറ്റം: ശബരിമലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഇങ്ങനെ... - sabarimala update

Sabarimala Crowd Crisis : ശബരിമലയിൽ അനുഭവപ്പെടുന്നത് മുൻകാലങ്ങളിൽ ഉണ്ടാകാത്തത്ര തിരക്ക്. സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും സന്നാഹങ്ങള്‍ പാളി. ശബരിമലയിലേക്കുള്ള പാതകളിലെല്ലാം ഭക്തര്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. വാഹനക്കുരുക്കും നിയന്ത്രണാതീതമായി. ഇതിനിടെ തീർഥാടകര്‍ കുഴഞ്ഞുവീണ് മരിക്കുന്ന അവസ്ഥയുമുണ്ടായി.

Etv Bharat Sabarimala issues and remedies  sabarimala rush  sabarimala crowd crisis  sabarimala rush crisis  sabarimala crisis  sabarimala mandala season crisis  ശബരിമല തിരക്ക്  ശബരിമല തിക്കും തിരക്കും  ശബരിമല മണ്ഡലകാലം  മണ്ഡല മകരവിളക്ക് സീസൺ  sabarimala mandala makaravilakku season
Sabarimala Rush Crisis And Remedial Measures

By ETV Bharat Kerala Team

Published : Dec 13, 2023, 5:12 PM IST

പത്തനംതിട്ട : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. കേരളത്തിന്‍റ വിവിധ ഭാഗങ്ങളില്‍ നിന്നും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമയിൽ തീര്‍ഥാടനത്തിനായി എത്തുന്നത്. ഇത്തവണ മണ്ഡലകാല തീര്‍ഥാടനത്തിനായി (Sabarimala Mandalakala Pilgrimage) ശബരിമല നട തുറന്നത് നവംബര്‍ 16 നായിരുന്നു. ഡിസംബര്‍ 25 വരെ മണ്ഡല സീസണില്‍ ശബരിമല ദര്‍ശനം സാധ്യമാണ്. ഡിസംബര്‍ 27 നാണ് മണ്ഡലപൂജ.

പതിവു പോലെ ഈ മണ്ഡല കാലത്തും കടുത്ത തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. തിരക്ക് അനിയന്ത്രിതമായി വർധിച്ചതോടെ ശബരിമലയില്‍ സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും സന്നാഹങ്ങള്‍ മുഴുവനായും പാളുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. സന്നിധാനത്ത് വലിയ തിരക്കുണ്ടായാല്‍ ഉണ്ടാകാനിടയുള്ള അനിഷ്‌ട സംഭവങ്ങളും ദുരന്തങ്ങളും ഒഴിവാക്കാന്‍ ഭക്തരെ പമ്പയിലേക്കും സന്നിധാനത്തേക്കും കടത്തി വിടുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

തീർഥാടകരെ മുകളിലേക്ക് കടത്തി വിടുന്നത് നിയന്ത്രിച്ചതോടെ ശബരിമലയിലേക്കുള്ള പാതകളിലെല്ലാം ഭക്തര്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. വാഹനക്കുരുക്കും നിയന്ത്രണാതീതമായി. പമ്പയിലെത്തിയ തീര്‍ഥാടകരില്‍ പലരും ദര്‍ശനം നടത്താന്‍ എട്ടും ഒന്‍പതും മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നു.

ഇതിനിടെ കുഞ്ഞുങ്ങളും സ്ത്രീകളും കുഴഞ്ഞു വീഴുന്ന അവസ്ഥയുണ്ടായി. മൂന്ന് തീർഥാടകര്‍ മരിക്കുന്ന അവസ്ഥയുമുണ്ടായി. തമിഴ്‌നാട് സ്വദേശിയായ പതിനൊന്നുകാരി പത്മപ്രിയ, തിരുച്ചി സ്വദേശി പെരിയ സ്വാമി, കൊല്ലം സ്വദേശി രാജേഷ് പിള്ള എന്നീ തീര്‍ഥാടകരാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കുഴഞ്ഞു വീണ് മരിച്ചത്.

കഴിഞ്ഞ മണ്ഡല കാലത്തെ അപേക്ഷിച്ച് ഇത്തവണ തീര്‍ഥാടകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ആദ്യ ദിവസങ്ങളില്‍ ശരാശരി 62,000 പേരാണ് മല കയറിയത്. എല്ലാൽ ഇത്തവണ ഡിസംബർ 6 മുതല്‍ തീര്‍ഥാടകരുടെ എണ്ണം വന്‍ തോതില്‍ ഉയര്‍ന്ന് ശരാശരി 88,000 എന്ന നിലയിലായി.

Also Read:ശബരിമലയിൽ ദർശന സമയം നീട്ടി; തീരുമാനം ഭക്തരുടെ അഭ്യർഥന മാനിച്ചെന്ന് ദേവസ്വം ബോർഡ്

ചെന്നൈയിലെ പ്രളയവും തെലങ്കാനയിലെ നിയമസഭ തെരഞ്ഞെടുപ്പും കാരണം ആദ്യ ദിവസങ്ങളിൽ എത്താന്‍ കഴിയാഞ്ഞവര്‍ കൂടി സന്നിധാനത്തേക്ക് എത്തിയതോടെ ഒരു ദിവസം 1,20,000 ത്തിലധികം തീർഥാടകർ എത്തുന്ന അവസ്ഥയായി. ഇതോടെ ദർശനസമയം ഒരു മണിക്കൂർ വർധിപ്പിച്ച് തിരക്ക് കുറക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി 90,000 പേരും, സ്പോട്ട് ബുക്കിങ് വഴി ഏതാണ്ട് ഇരുപതിനായിരം പേരും പുല്‍മേട് കാനനപാതയിലൂടെ ശരാശരി അയ്യായിരം പേരും എത്തിയതോടെ സര്‍വ നിയന്ത്രണങ്ങളും തെറ്റി.

സ്ഥിതിഗതി വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗം വെർച്ച്വൽ ക്യൂ വഴിയുള്ള ദർശനം 80,000 ആയി ചുരുക്കാന്‍ തീരുമാനിച്ചു. സ്പോട്ട് ബുക്കിങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താനും തീരുമാനമെടുത്തു.

മണ്ഡല-മകരവിളക്ക് സീസൺ സുഗമമായി നടത്താനുള്ള ആസൂത്രണം സാധാരണ മാസങ്ങള്‍ക്കു മുമ്പേ തുടങ്ങാറുണ്ട്. ഇത്തവണയും എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് തീർഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചിരുന്നു. നിലയ്ക്കലിലും, പമ്പയിലും, പമ്പ-സന്നിധാനം കാനന പാതയിലുമൊക്കെ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും, കുടിവെള്ള കിയോസ്‌കുകള്‍ തുടങ്ങാനുമെല്ലാം അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. പക്ഷേ ശബരിമലയില്‍ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് ഭക്തരെ ഉള്‍ക്കൊള്ളാനുള്ള സ്ഥല സൗകര്യം സന്നിധാനത്തുണ്ടോ എന്ന് വിലയിരുത്തുന്നതില്‍ ബന്ധപ്പെട്ടവര്‍ക്ക് പിഴവ് പറ്റി എന്നാണ് കരുതേണ്ടത്.

Also Read:അനിയന്ത്രിതമായ അവസ്ഥ ശബരിമലയിൽ ഇല്ല; സർക്കാർ സംവിധാനങ്ങൾ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി

പരിഹാരങ്ങള്‍:

  • ഒരു മിനിട്ടില്‍ 60 പേര്‍ പതിനെട്ടാം പടി കയറുന്നു എന്ന് എഡിജിപി എംആര്‍ അജിത്കുമാര്‍ അവകാശപ്പെടുന്നു. എന്നാല്‍ 75 പേര്‍ കയറുന്നെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറയുന്നു. എന്നാല്‍ ശബരിമലയിലെ തീര്‍ഥാടകത്തിരക്ക് ഒഴിവാക്കാന്‍ ഇതൊന്നും പര്യാപ്‌തമല്ലെന്നാണ് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ പറയുന്നത്. പരിചയ സമ്പന്നരായ പൊലീസുകാരെ പതിനെട്ടാം പടിയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച് മിനിട്ടില്‍ 100 - 120 പേര്‍ക്കെങ്കിലും പതിനെട്ടാം പടി കടക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
  • പതിനെട്ടാം പടിയുടെ വീതി കൂട്ടാനുള്ള നിര്‍ദേശം ഏറെക്കാലമായി ദേവസ്വം ബോര്‍ഡിന്‍റെ മുന്നിലുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ആചാര ലംഘനം പോലുള്ള ആരോപണങ്ങള്‍ ഉയരുമെന്നതിനാലും, സര്‍ക്കാരിനെതിരെ വികാരം ശക്തമാകാന്‍ ഇടയുണ്ടെന്നതിനാലും തീരുമാനം എടുക്കാന്‍ ബന്ധപ്പെട്ടവര്‍ മടിക്കുകയാണ്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായും, തന്ത്രിമാരും ആചാര്യന്‍മാരുമായും ചര്‍ച്ച ചെയ്‌ത് ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കിയാല്‍ സന്നിധാനത്തെ തിരക്ക് ഗണ്യമായി കുറയ്ക്കാ‌ന്‍ കഴിയും.
  • സീസണില്‍ കൂടുതല്‍ ദിനങ്ങള്‍ നടതുറന്ന് കൂടുതല്‍ ഭക്തന്‍മാരെ കടത്തി വിടാന്‍ സാധിക്കുമോ എന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. നിലവില്‍ എല്ലാ മാസവും അഞ്ച് ദിവസം നട തുറക്കുന്നുണ്ടെങ്കില്‍ പോലുംം മണ്ഡല-മകര വിളക്ക് സീസണിലെ തിരക്കിന് കുറവൊന്നും ഉണ്ടാകാറില്ല. മുന്‍ കാലങ്ങളില്‍ മകരവിളക്ക് സമയത്തുണ്ടായ പുല്‍മേട് ദുരന്തം പോലുള്ള വലിയ ദുരന്തങ്ങളുടെ അനുഭവം ഉണ്ടായിട്ടും ദേവസ്വം ബോര്‍ഡ് തിരക്ക് നിയന്ത്രിക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളാത്തത് വിമര്‍ശന വിധേയമാകുകയാണ്. മണ്ഡല-മകരവിളക്ക് നേരത്തേ അറിയാമായിരുന്നിട്ടും വേണ്ട രീതിയില്‍ ആസൂത്രണം നടക്കുന്നില്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് ഭക്തരുടെ ദുരിതങ്ങള്‍ കണ്ട് ഹൈക്കോടതിയും നേരിട്ട് ഇടപെട്ടത്.
  • തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ കൊടും കാടുകളില്‍ ഭക്തരുടെ വാഹനങ്ങള്‍ തടയപ്പെട്ടു, പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ നൂറും നൂറ്റന്‍പതും പേരെ കുത്തി നിറച്ച് ഭക്തരെ ദ്രോഹിച്ചു തുടങ്ങിയ ആരോപണങ്ങളും ഉയരുന്നുണ്ട്. ദേവസ്വം ബോര്‍ഡും പൊലീസും തമ്മില്‍ ഏകോപനമില്ലാത്തതാണ് ശബരിമലയിലെ സ്ഥിതി നിയന്ത്രണാതീതമാകാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അവലോകന യോഗങ്ങളില്‍പ്പോലും എഡിജിപിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും തമ്മില്‍ തര്‍ക്കം നടന്നു. ദേവസ്വം മന്ത്രി ശബരിമലയിലേക്ക് എത്താതിരിക്കുന്നതും ചരിത്രത്തില്‍ ആദ്യം. വിവാദം കനത്തതോടെയാണ് നവകേരള സദസില്‍ പര്യടനത്തിലുള്ള മന്ത്രി രാധാകൃഷ്‌ണന്‍ നാളെ ശബരിമലയിലേക്ക് തിരിക്കുകയാണ്.

Also Read:ശബരിമലയില്‍ വീഴ്‌ചകളുണ്ടായി; ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

ABOUT THE AUTHOR

...view details