പത്തനംതിട്ട:ശബരിമലയില്‍ മകര വിളക്ക് ദര്‍ശനത്തിനു ഇനി മണിക്കൂറുകൾ മാത്രം. ഇന്നാണ് മകരവിളക്ക്. മകര വിളക്ക് ദര്‍ശനം കാത്ത് ഭക്തസാഗരം സന്നിധാനത്തും പരിസരങ്ങളിലും കാത്ത് നിൽക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുന്ന നട വൈകിട്ട് അഞ്ചിന് തുറക്കും.
തിരുവാഭരണ ഘോഷയാത്ര ആറ് മണിയോടെ സന്നിധാനത്തെത്തും. 5.15 ന് തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുവാനായി ദേവസ്വം ബോ൪ഡ് പ്രതിനിധികൾ ശരംകുത്തിയിലേക്ക് പോകും. തുട൪ന്ന് കൊടിമരച്ചുവട്ടിൽ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും.
പതിനെട്ടാം പടി കയറി സോപാനത്തു എത്തുന്ന തിരുവാഭരങ്ങൾ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽ ശാന്തി പി എൻ മഹേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. പിന്നീട് തിരുവാഭരണങ്ങള്‍ ദീപാരാധനയ്ക്കായി ശ്രീകോവിലിലേക്ക് കൊണ്ടുപോകും. ആറരയോടെ തിരുവാഭരണം ചാർത്തി മഹാദീപാരാധന നടക്കും. ഈ സമയത്തു ആകാശത്തു മകരജ്യോതി ദൃശ്യമാകും. സന്നിധാനം ശരണ മന്ത്രങ്ങളാൽ നിറഞ്ഞ് നിൽക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും.
മകര ജ്യോതി ദര്‍ശിക്കാൻ പ്രധാനമായും 10 വ്യൂ പോയിന്‍റുകള്‍ ഉണ്ട്. കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഡ്രോണ്‍ നിരീക്ഷണമുൾപ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ ക്രമീകണങ്ങൾ. മൂന്നര ലക്ഷത്തോളം ഭക്തർ ശബരിമലയിലും പരിസരത്തുമായി മകരജ്യോതിയും,മകര വിളക്കും ദർശിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.
അതേസമയം ഈ വ൪ഷത്തെ മകരവിളക്ക് ഉത്സവത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി ആയിരം പൊലീസ് ഉദ്യോഗസ്ഥരെ കൂടി അധികം നിയോഗിച്ചിട്ടുണ്ട്. നാല് എസ്.പി.മാ൪, 19 ഡിവൈ.എസ്.പിമാ൪, 15 ഇ൯സ്പെക്‌ട൪മാ൪ അടക്കമാണ് ആയിരം പേരെ അധികമായി നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം.