കേരളം

kerala

ETV Bharat / state

Sabarimala Pilgrimage: മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പ്രതീക്ഷിക്കുന്നത് ഒന്നര ലക്ഷത്തോളം ഭക്തരെ - ശബരിമല തീര്‍ത്ഥാടനം

ഹിൽടോപ്പിൽ 2,000 മുതൽ 5,000 പേരെ വരെ ദർശനത്തിന് അനുവദിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്

sabarimala makaravilakku festival  travancore devaswom board president on makaravilakku  മകരവിളക്ക് മഹോത്സവം  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്  കെ അനന്തഗോപന്‍ മകരവിളക്ക്  ശബരിമല തീര്‍ത്ഥാടനം  മകരജ്യോതി ദര്‍ശനം
മകരവിളക്ക് ദർശനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പ്രതീക്ഷിക്കുന്നത് ഒന്നര ലക്ഷത്തോളം ഭക്തരെ

By

Published : Jan 8, 2022, 10:55 PM IST

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന്‍റെ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ജനുവരി പതിനാലിന് നടക്കുന്ന മകരജ്യോതി ദർശനത്തിന് മുന്നോടിയായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപന്‍. സന്നിധാനത്ത് മകരവിളക്കിന് മുന്നോടിയായി നടത്തിയ ദേവസ്വം ബോർഡ് ജീവനക്കാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

14ന് ഉച്ചയ്ക്ക് 2.29 നാണ് സംക്രമ പൂജ നടക്കുക. ഇത്തവണ ഹിൽ ടോപ്പിലും മകരവിളക്ക് ദർശനത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അവിടെ സുരക്ഷ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. മകരവിളക്ക് ദർശനത്തിന് ഏകദേശം ഒന്നര ലക്ഷത്തോളം അയ്യപ്പ ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.

ഹിൽടോപ്പിൽ 2,000 മുതൽ 5,000 പേരെ വരെ ദർശനത്തിന് അനുവദിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. നിലവിൽ വെർച്വൽ ബുക്കിങിനും സ്പോട്ട് രജിസ്ട്രേഷനും നിശ്ചിത എണ്ണം ക്രമീകരിച്ചിട്ടുണ്ടെങ്കിലും എത്തിച്ചേരുന്ന എല്ലാ അയ്യപ്പ ഭക്തന്മാർക്കും സുഗമമായ ദർശനം അനുവദിക്കുന്നുണ്ടെന്ന് അനന്തഗോപന്‍ വ്യക്തമാക്കി.

എത്ര കൂടുതൽ ആളുകൾ വന്നാലും വെർച്വൽ ബുക്കിങിലെ അധിക സ്ലോട്ടുകളും സ്പോട്ട് രജിസ്ട്രേഷനിലെ അധിക സ്ലോട്ടുകളും ഉപയോഗപ്പെടുത്തി എല്ലാവർക്കും നിലവിൽ ദർശന സൗകര്യം നൽകുന്നുണ്ട്.

തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് 12ന് ആരംഭിക്കും. പതിവ് തിരുവാഭരണ പാത വഴി തന്നെയാണ് ഘോഷയാത്ര ഇത്തവണയും കടന്നുപോകുക. ആവശ്യമായിടത്ത് വെളിച്ചം, മറ്റു ക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പന്തളത്ത് അവലോകന യോഗം ചേർന്നിരുന്നു.

തിരുവാഭരണ ഘോഷയാത്ര ഏറ്റവും പ്രൗഢിയോടെയും ചിട്ടയോടെയും സംഘടിപ്പിക്കുന്നതിന് ദേവസ്വം ബോർഡ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പേട്ട തുള്ളലും പമ്പ സദ്യയുമുൾപ്പെടെയുള്ള ചടങ്ങുകൾക്കും ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. പേട്ട തുള്ളലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എരുമേലിയിൽ ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നിരുന്നു.

സന്നിധാനത്ത് പാണ്ടിത്താവളം, അന്നദാന മണ്ഡപത്തിന്‍റെ മുകള്‍ഭാഗം, കൊപ്രക്കളം എന്നിവിടങ്ങളിലൊക്കെ മകരജ്യോതി ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഇതുവരെ തീർത്ഥാടനകാലം മികച്ച സൗകര്യങ്ങളോടെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി.

മകരവിളക്കിന് ശേഷം ജനുവരി 15 മുതൽ 19 വരെ അയ്യപ്പഭക്തർ പ്രത്യേകിച്ചും മലയാളികൾ കൂടുതലായി സന്നിധാനത്ത് എത്താൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ക്രമീകരണങ്ങളും എടുത്തിട്ടുണ്ട്. അപ്പം, അരവണ തുടങ്ങിയവ ആവശ്യത്തിന് കരുതൽ ശേഖരത്തിലുണ്ട്.

ആന്ധ്രയിൽ കൊവിഡ് നിയന്ത്രണങ്ങൾ കാര്യമായി ഇല്ലാത്തതിനാൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിച്ചേരുന്നത് അവിടെ നിന്നാണ്. കൂടാതെ തീർഥാടകർക്ക് താമസസൗകര്യത്തിനായി അഞ്ഞൂറോളം മുറികളും നിലവിലുണ്ട്.

മകര വിളക്ക് ഉത്സവത്തിനായി നട തുറന്നതിന് ശേഷം എട്ടാം ദിവസം പൂർത്തിയാക്കുമ്പോൾ 25 കോടി 18 ലക്ഷം രൂപ നടവരവായി ലഭിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. ഈ സീസണിൽ 110 കോടി രൂപയുടെ നടവരവ് ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: 'ഒള്ളുള്ളേരി ഒള്ളുള്ളേരി' പാട്ട് ലോകമറിയണം, താന്‍ തെറ്റ് ചെയ്‌തിട്ടില്ല'; ഭീഷണിയ്‌ക്കിടെ സുധീഷിന് പറയാനുള്ളത്

ABOUT THE AUTHOR

...view details