കേരളം

kerala

By ETV Bharat Kerala Team

Published : Dec 5, 2023, 7:54 PM IST

ETV Bharat / state

ശബരിമല അയ്യപ്പന്‍, പിൻ 689713; കത്തുകളും പാർസലുകളുമായി ശബരിമല പോസ്റ്റ് ഓഫീസ് തിരക്കിലാണ്

Sabarimala Post Office : വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് അയ്യപ്പ സ്വാമിയുടെ പിന്‍കോഡും തപാല്‍ ഓഫീസും സജീവമായിരിക്കുക. മണ്ഡല മകരവിളക്ക് കാലത്ത് മാത്രമാണ് ഓഫീസിന്‍റെ പ്രവര്‍ത്തനം. ഉത്സവകാലം കഴിയുന്നതോടെ പിന്‍കോഡ് നിര്‍ജീവമാകും.

Sabarimala Post Office  ശബരിമല പോസ്റ്റ് ഓഫീസ്  ശബരിമല അയ്യപ്പന്‍ പിൻ 689713  Sabarimala Pincode  ശബരിമല പിൻകോഡ്  ശബരിമല തപാലാപ്പീസ്  ശബരിമല സ്റ്റാമ്പ്  ശബരിമല പോസ്റ്റൽ മുദ്ര  sabarimala postal stamp  sabarimala post office features
Sabarimala Post Office

പത്തനംതിട്ട: ഇന്ത്യയിൽ സ്വന്തമായി പിൻകോഡ് ഉള്ള രണ്ടേ രണ്ട് പേരാണുള്ളത്. അവരിലൊരാൾ രാഷ്ട്രപതിയാണ്. മറ്റൊരാൾ കേരളത്തിന്‍റെ സ്വന്തം അയ്യപ്പ സ്വാമിയും. ശബരിമല സന്നിധാനത്ത് സ്ഥിതിചെയ്യുന്ന പോസ്‌റ്റ് ഓഫീസിലാണ് രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത സവിശേഷതകളുള്ളത്. വര്‍ഷത്തില്‍ മൂന്നു മാസം മാത്രം സജീവമാകുന്ന തപാല്‍ ഓഫീസും പിൻകോഡുമാണ് ഇവിടുത്തേത് (Sabarimala Post Office And Its Unique Features).

Sabarimala Post

മണ്ഡല മകരവിളക്ക് (Mandala Makaravilakku Season) കാലത്ത് മാത്രമാണ് സന്നിധാനത്ത് ഓഫീസിന്‍റെ പ്രവര്‍ത്തനം നടക്കുക. ശ്രീ ശബരിമല അയ്യപ്പന്‍, 689713 എന്നതാണ് ഇവിടുത്തെ പിന്‍കോഡ്. ഉത്സവകാലം കഴിയുന്നതോടെ പിന്‍കോഡ് നിര്‍ജീവമാകും. കേവലം ഒരു പോസ്‌റ്റ് ഓഫീസ് ആണെങ്കിലും ഭക്തർക്ക് ഇത് അയ്യപ്പസ്വാമിയോട് സംസാരിക്കാനുള്ള ഉപാധിയാണ്.

Sabarimala Post

ഇനിയുമുണ്ട് പ്രത്യേകതകള്‍:സന്നിധാനത്തെ തപാല്‍ ഓഫീസിന് വേറെയുമുണ്ട് പ്രത്യേകതകള്‍. മറ്റ് പോസ്‌റ്റ് ഓഫീസുകളിൽ പതിക്കുന്ന സീലുകളിൽ നിന്ന് വ്യത്യസ്‌തമായി, പതിനെട്ടാം പടിയും അയ്യപ്പ വിഗ്രഹവും ഉള്‍പ്പെടുത്തിയ തപാല്‍ മുദ്രയാണ് ഇവിടെ ഉപയോഗിക്കുന്നത്. തപാല്‍ വകുപ്പ് ഇത്തരം വേറിട്ട തപാല്‍ മുദ്രകള്‍ മറ്റൊരിടത്തും ഉപയോഗിക്കുന്നില്ല. അതിനാൽ തന്നെ മുദ്ര ചാര്‍ത്തിയ കത്തുകളും പോസ്‌റ്റ് കാർഡുകളും സ്വന്തം അഡ്രസിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയക്കാന്‍ നിരവധി ഭക്തരാണ് ഇവിടേക്കെത്തുന്നത്. ഈ മണ്ഡലകാലത്ത് ഏകദേശം 2000 പോസ്‌റ്റ് കാര്‍ഡുകളാണ് ഇതു വരെ ഇവിടെ നിന്നും അയക്കപ്പെട്ടത്.

Sabarimala Post

Also Read:നൂറാം വയസില്‍ കന്നി മാളികപ്പുറമായി പാറുക്കുട്ടിയമ്മ, അയ്യപ്പ സന്നിധിയിലെത്തിയ മുത്തശ്ശിയുടെ കഥ

1963ല്‍ സന്നിധാനം പോസ്‌റ്റ് ഓഫീസ് നിലവില്‍ വന്നെങ്കിലും 1974ലാണ് പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്ന ലോഹ സീല്‍ പ്രാബല്യത്തില്‍ വന്നത്. മണ്ഡലകാലം കഴിഞ്ഞാല്‍ ഈ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്‍റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉല്‍സവകാലത്താണ് ഈ മുദ്ര വെളിച്ചം കാണുക.

Sabarimala Post

അയ്യപ്പനുള്ള കത്തുകൾ:ഇവിടെനിന്ന് ഭക്തർ അയക്കുന്ന കത്തുകൂടാതെ തിരികെ അയ്യപ്പസ്വാമിക്കും നിരവധി കത്തുകൾ ലഭിക്കാറുണ്ട്. നിത്യ ബ്രഹ്മചാരിയായ അയ്യപ്പ സ്വാമിക്ക് നിത്യവും നിരവധി കത്തുകളാണിവിടെ ലഭിക്കുന്നത്. ഉദ്ദിഷ്‌ട കാര്യലാഭത്തിനും ആകുലതകള്‍ പങ്കുവച്ചും പ്രണയം പറഞ്ഞുമുള്ള കത്തുകള്‍. ഉദ്ദിഷ്‌ട കാര്യങ്ങള്‍ നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടുള്ള മണി ഓര്‍ഡറുകള്‍, വീട്ടിലെ വിശേഷങ്ങളുടെ ആദ്യ ക്ഷണക്കത്തുകള്‍ തുടങ്ങി ഒരു വര്‍ഷം വായിച്ചാല്‍ തീരാത്തത്ര എഴുത്തുകളാണ് അയ്യപ്പന്‍റെ പേരുവെച്ച് ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ഭക്തര്‍ അയക്കുന്നത്. ഈ കത്തുകള്‍ അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ചശേഷം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവ്. മണിഓര്‍ഡറുകളുടെ കാര്യവും അങ്ങനെ തന്നെ. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം കത്തുകളേറെയും വരുന്നത്.

Also Read:സന്നിധാനത്തെ കൗതുക കാഴ്‌ച; അയപ്പന് കാണിക്കയായി 'ജമ്‌നപ്യാരി'

പോസ്‌റ്റൽ സേവനങ്ങള്‍ക്കു പുറമേ പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള മൊബൈല്‍ റീചാര്‍ജ്, ഇന്‍സ്‌റ്റന്‍റ് മണി ഓര്‍ഡര്‍, ,അരവണ ഓണ്‍ലൈന്‍- ഓഫ്‌ലൈന്‍ ബുക്കിങ്ങ് തുടങ്ങിയ സേവനങ്ങളും, അയ്യപ്പസ്വാമിയുടെ ചിത്രം പതിച്ച മൈ സ്‌റ്റാമ്പും ഇവിടെ ലഭ്യമാണ്. പോസ്റ്റ് മാസ്റ്റര്‍ക്ക് പുറമെ ഒരു പോസ്റ്റുമാനും രണ്ട് മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫുമാണ് സന്നിധാനം തപാല്‍ ഓഫീസിലുള്ളത്.

ABOUT THE AUTHOR

...view details