പത്തനംതിട്ട : ശബരിമല തീര്‍ഥാടകര്‍ക്ക് ഇടത്താവളങ്ങളില്‍ മികച്ച സൗകര്യമൊരുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണന്‍. ശബരിമല ഇടത്താവള വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയുടെ സഹായത്തോടെ നിലയ്ക്കല്‍ ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം നിര്‍മിക്കുന്ന വിശ്രമ കേന്ദ്രത്തിന്‍റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പുതുതായി നിര്‍മിക്കുന്ന ഇടത്താവളങ്ങള്‍ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമെത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനകരമായി മാറും. മനുഷ്യന് നന്മ ചെയ്യാന്‍ കഴിയുന്നതാവണം മതം. ദേവാലയങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ്. കേവലം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരായി മാത്രം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ മാറരുത്. ഉദ്യോഗസ്ഥരുടെ നല്ല ഇടപെടലുകളുണ്ടായാല്‍ ഓരോ ക്ഷേത്രാങ്കണങ്ങളേയും മെച്ചപ്പെട്ട രീതിയില്‍ മാറ്റുവാന്‍ കഴിയും.