ശബരിമല : വ്രത ശുദ്ധിയുടെയും ശരണമന്ത്രങ്ങളുടെയും മറ്റൊരു തീര്‍ഥാടന കാലത്തേക്ക് ശബരിമല നടതുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിച്ചു.
തുടര്‍ന്ന് പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകര്‍ന്നു. പിന്നാലെ ഭക്തര്‍ പതിനെട്ടാംപടി ചവിട്ടി അയ്യപ്പദര്‍ശനത്തിന് തുടക്കം കുറിച്ചു. ഭക്തര്‍ക്ക് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല. ശബരിമലയിലെ പുറപ്പെടാ മേല്‍ശാന്തിയായി ജയരാമന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന്‍ നമ്പൂതിരിയും ചുമതല ഏറ്റെടുത്തു. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിവന്ന ഇരുവരെയും സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി പതിനെട്ടാംപടിക്ക് മുന്നില്‍വച്ച് കൈപിടിച്ച് കയറ്റിയാണ് ശ്രീകോവിലിന് മുന്നിലേക്ക് ആനയിച്ചത്. തുടര്‍ന്ന് ജയരാമന്‍ നമ്പൂതിരിയെ തന്ത്രി കണ്ഠരര് രാജീവര് ശ്രീകോവിലിനുള്ളില്‍ വച്ച് കലശാഭിഷേകം നടത്തി മേല്‍ശാന്തിയായി അവരോധിച്ചു.