മകരവിളക്കുത്സവം വിജയിപ്പിക്കാൻ രാഷ്ട്രീയ ഭേദമന്യേ ഏവരും ഒരുമിക്കണം : മന്ത്രി കെ.രാധാകൃഷ്‌ണൻ പത്തനംതിട്ട: കേരളത്തിൻ്റെ അഭിമാനമാണ് ശബരിമല തീർഥാടനമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്‌ണൻ.(devaswom minister) 2023-24 വര്‍ഷത്തെ ശബരിമല മകരവിളക്ക് മഹോത്സവത്തിന്‍റെ (Sabarimala makaravilakku) മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കക്ഷി രാഷ്ട്രീയ ഭേദമന്യേ മകരവിളക്ക് വിജയിപ്പിക്കാൻ എല്ലാവരും ഒരുമിച്ചുനിൽക്കണം (Sabarimala Pilgrimage).
തീർഥാടനം (Pilgrimage) വിജയകരമാക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണ്. അൻപതുലക്ഷം തീർഥാടകരാണ് കഴിഞ്ഞ മണ്ഡലകാലത്ത് എത്തിയത്. ഇത്തവണ തീർഥാടകരുടെ എണ്ണത്തിൽ ഇതിലും വർദ്ധനവുണ്ടാവും.
എല്ലാ വകുപ്പുകളും തങ്ങളുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. തീർഥാടകർക്ക് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും വകുപ്പുകൾ ഒരുക്കണം. ത്രിതല പഞ്ചായത്തുകളും മികച്ച രീതിയിൽ ഇടപെടണം. മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് എല്ലാ വകുപ്പുകളും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണം.
പൊലീസ് ആറ് ഫേസുകളിലായാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. ആദ്യ മൂന്ന് ഫേസുകളിൽ 2000 പേർ വീതവും, പിന്നീടുള്ള മൂന്ന് ഫേസുകളിൽ 2500 പേരെ വീതവുമാണ് നിയോഗിക്കുക. വനം വകുപ്പ് മൂന്ന് ശബരിമല പാതകളിലും എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ സ്ഥാപിക്കും.
കൂടുതൽ ക്യാമറകളും സ്ഥാപിക്കും. കാനനപാതകളിലും, സന്നിധാനത്തും എലിഫൻ്റ് സ്ക്വാഡ് ,സ്നേക്ക് സ്ക്വാഡ് എന്നിവയെ നിയോഗിക്കും. ശുചീകരണത്തിനായി എക്കോ ഗാർഡുകളെ നിയമിക്കും. കെഎസ്ആർടിസി 200 ചെയിൻ സർവീസുകളും, 150 ദീർഘദൂര സർവീസുകളും നടത്തും.
അരോഗ്യ വകുപ്പ്, സന്നിധാനം, പമ്പ, നിലയ്ക്കൽ, റാന്നി, പെരുനാട് തുടങ്ങിയ തീർഥാടന പാതയിലെ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളും, ഉദ്യോഗസ്ഥരെയും, ആബുലൻസും സജ്ജമാക്കും. ഫയർഫോഴ്‌സ് 21 താത്‌കാലിക സ്റ്റേഷനുകൾ തുടങ്ങും. സ്‌കൂബ ടീം, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് എന്നിവയുടെ സേവനം ഉറപ്പാക്കും.
മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതി നടപ്പാക്കും.18 പട്രോളിംഗ് ടീം 24 മണിക്കൂറും പട്രോളിംഗ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
വകുപ്പുതല പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. ഇലവുങ്കൽ നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പണികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. പമ്പയിൽ ഭക്തജനങ്ങൾക്ക് ഇരിക്കാനും ക്യൂ നിൽക്കുന്നതിനുമായി സെമി പെർമനൻ്റ് പന്തലുകൾ നിർമ്മിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു. പമ്പയിലെ ക്യൂ കോംപ്ലക്‌സ് ഡിജിറ്റലൈസ് ചെയ്യും. 168 പുതിയ യൂറിനറികൾ നിർമ്മിക്കും.
36 എണ്ണം വനിതകൾക്ക് മാത്രമായിരിക്കും. നിലയ്ക്കൽ വാഹന പാർക്കിംഗിന് ഐ.സി.ഐ.സി.ഐ. ബാങ്കുമായി ചേർന്ന് ഫാസ്റ്റ് ടാഗ് സംവിധാനമൊരുക്കും. നിലയ്ക്കലിൽ ഗ്യാസ് ഗോഡൗൺ സ്ഥാപിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. പത്തനംതിട്ട ജില്ല കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ, കോട്ടയം ജില്ല കളക്‌ടർ വി. വിഗ്നേശ്വരി, ഡി.ഐ.ജി (തിരുവനന്തപുരം റേഞ്ച്) ആർ. നിശാന്തിനി, ദേവസ്വം ബോർഡ് സെക്രട്ടറി രാജമാണിക്യം, പത്തനംതിട്ട ജില്ല പൊലീസ് മേധാവി വി. അജിത്ത്, ഇടുക്കി ജില്ല പൊലീസ് മേധാവി വി.യു.കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.