പത്തനംതിട്ട: ശബരിമല നട തുറന്ന് ആദ്യ ആറ് ദിവസം പിന്നിടുമ്പോള്‍ ശബരിമലയിൽ 2,61,874 തീര്‍ഥാടകർ എത്തിയെന്ന് ദേവസ്വം വകുപ്പുമന്ത്രി കെ രാധാകൃഷ്‌ണന്‍ അറിയിച്ചു. നട തുറന്ന നവംബർ 17 ന് 47,947 പേരാണ് ദര്‍ശനത്തിന് എത്തിയത്. കൂടാതെ ദര്‍ശന സമയക്രമം നീട്ടിയത് ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ആറ് ദിവസത്തിനിടെ എത്തിയത് രണ്ടരലക്ഷത്തിലേറെ തീര്‍ഥാടകര്‍ രാവിലെ അഞ്ചിന് എന്നത് പുലര്‍ച്ചെ മൂന്ന് മുതലാക്കി. ഉച്ചക്ക് ശേഷം വൈകിട്ട് മൂന്നിനും നട തുറക്കും. ഇത് ഭക്തരുടെ കാത്തുനില്‍പ്പിനുള്ള സമയക്രമത്തിലും കുറവ് വരുത്തിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി ഇതുവരെ നിലയ്ക്കല്‍ - പമ്പ റൂട്ടിലും തിരിച്ചും 6693 സര്‍വീസ് നടത്തി. ശബരിമലയിലെ വിവിധ ചികിത്സ കേന്ദ്രങ്ങളിലായി 9142 പേരും ചികില്‍സ തേടി. വരും ദിവസങ്ങളിലും കൂടുതല്‍ ഭക്തര്‍ എത്തുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഭക്തരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിന് മാത്രമായി saranam2022.23@gmail.com എന്ന പ്രത്യേക മെയില്‍ ഐഡി ആരംഭിച്ചിട്ടുണ്ട്. ഇതില്‍ വരുന്ന പരാതികളും നിര്‍ദ്ദേശങ്ങളും അതത് ദിവസം അവലോകനം ചെയ്ത് അപര്യാപ്‌തതകള്‍ പരിഹരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.