പത്തനംതിട്ട:ശബരിമല സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു. ഡിസംബര്‍ ഒമ്പതിനും 12നും ഒരു ലക്ഷത്തിന് മുകളിലാണ് ദര്‍ശനത്തിനായുള്ള ബുക്കിങ്. ഡിസംബര്‍ ഒമ്പതിന് ശബരിമല ദര്‍ശനത്തിനായി ബുധനാഴ്ച വരെ ഓണ്‍ലൈനായി ബുക്ക് ചെയ്തത് 1,04,200 പേരാണ്.
അയ്യനെ 'കണ്‍നിറയെ കാണാന്‍'; സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു, ലക്ഷം കടന്ന് പ്രതിദിന ബുക്കിങ്ങുകള്‍ - മണ്ഡലകാലം
അവധി ദിനങ്ങള്‍ കൂടി എത്തിയതോടെ ശബരിമല സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു, ഈ മാസം ഒമ്പതിനും 12 നും ലക്ഷം കടന്ന് ഓണ്‍ലൈന്‍ ബുക്കിങ്
ഈ മണ്ഡലകാലം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഒറ്റദിവസം ദര്‍ശനത്തിനെത്തുന്നത്. മാത്രമല്ല ഡിസംബര്‍ 12 നും ഒരു ലക്ഷത്തിന് മുകളിലാണ് ബുക്കിങ് (1,03,716 പേര്‍). ഡിസംബര്‍ എട്ടിന് 93,600 പേരും 10 ന് 90,500 പേരും 11ന് 59,814 പേരുമാണ് ഇതുവരെ ദര്‍ശനത്തിനായി രജിസ്‌റ്റര്‍ ചെയ്തത്. അവധി ദിവസങ്ങൾ കൂടി വരുന്നതോടെ വരും ദിവസങ്ങളില്‍ ഇനിയും തിരക്കേറാനാണ് സാധ്യത.
തിരക്ക് വര്‍ധിച്ചാലും ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനും വഴിപാടുകള്‍ ചെയ്യുന്നതിനും ആവശ്യമായ വിപുലമായ ക്രമീകരണങ്ങള്‍ സന്നിധാനത്ത് സജ്ജമാണ്. ഈ സീസണില്‍ ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമാക്കിയിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ എത്തുന്നവര്‍ക്ക് വിവിധ ഇടത്താവളങ്ങളിലും നിലയ്ക്കലും പമ്പയിലും ഉള്‍പ്പെടെ തത്സമയ ബുക്കിങ്ങിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.