പത്തനംതിട്ട : മേടമാസ പൂജകൾക്കായി ശബരിമല ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ച് മണിയോടെ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിച്ചു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്‌തു. മേൽശാന്തി പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിയിലും തീ പകർന്നു. ലോക്‌ഡൗൺ ആയതിനാൽ ശബരിമലയിലേക്ക് മാസ പൂജാ സമയത്ത് ഭക്തർക്ക് പ്രവേശനമില്ല.
മേടമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിച്ചു.
ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ദേവസ്വം ബോർഡിലെ ചുരുക്കം ചില ജീവനക്കാരും 30 പൊലീസുകാരും ഇനിയുള്ള അഞ്ച് ദിവസങ്ങളിൽ ശബരിമല സന്നിധാനത്ത് ഉണ്ടാകും. മേടവിഷു ദിനമായ നാളെ പുലർച്ചെ അഞ്ച് മണിക്ക് നട തുറക്കും. തുടർന്ന് അയ്യപ്പനെ വിഷുക്കണി കാണിക്കുന്ന ചടങ്ങ് നടക്കും. ശേഷം തന്ത്രി കൈനീട്ടം വിതരണം ചെയ്യും. അഭിഷേകം ഗണപതിഹോമവും ഉണ്ടാകും. ക്ഷേത്ര തിരുനട അടയ്ക്കുന്ന സമയത്തിലും തുറക്കുന്ന സമയത്തിലും ചില ക്രമീകരണങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് വരുത്തിയിട്ടുണ്ട്.
പുലർച്ചെ അഞ്ച് മണിക്ക് നടതുറന്നാൽ ഉഷ:പൂജയും ഉച്ചപൂജ കഴിഞ്ഞ് രാവിലെ 10 മണിക്ക് തന്നെ നട അടയ്ക്കും. വൈകുന്നേരം അഞ്ച് മണിക്ക് നട വീണ്ടും തുറക്കും. 6.30ന് ദീപാരാധന. 7.15ന് അത്താഴപൂജയും കഴിഞ്ഞ് 7 .30 ന് ഹരിവരാസനം പാടി നട അടയ്ക്കും. നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിൽ പ്രത്യേക പൂജകളൊന്നും ഉണ്ടാകില്ല. 18 ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും.