ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് ക്ഷേത്രം തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എ.കെ സുധീർ നമ്പൂതിരി നട തുറന്ന് വിളക്ക് തെളിയിച്ചു. തുടർന്ന് ഉപദേവത ക്ഷേത്രങ്ങളിലും പതിനെട്ടാംപടിക്ക് താഴെയുള്ള ആഴിയിലും മേൽശാന്തി ദീപം തെളിയിച്ചതോടെ സന്നിധാനം ശരണ മന്ത്രമുഖരിതമായി. ക്ഷേത്രത്തിൽ മറ്റ് പൂജകളില്ല. നിരവധി ഭക്തരാണ് ദർശനത്തിനായി ഉച്ച മുതൽ കാത്ത് നിന്നിരുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് ഭക്തരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തി വിട്ടത്.
ശബരിമല നട തുറന്നു; സന്നിധാനം ശരണ മന്ത്രമുഖരിതം - sabarimala opening
ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് ഭക്തരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തി വിട്ടത്
നാളെ രാവിലെ മൂന്ന് മണിക്ക് ക്ഷേത്ര നട തുറക്കും. 3.05 ന് നിർമാല്യ ദർശനം. തുടർന്ന് അഭിഷേകം. 3.15 മുതൽ ആരംഭിക്കുന്ന നെയ്യഭിഷേകം ഏഴ് മണി വരെ തുടരും. ജനുവരി പതിനഞ്ചിനാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2.50 ന് മകര സംക്രമ പൂജ നടക്കും. വൈകുന്നേരം 6.30ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. തുടർന്ന് പൊന്നമ്പലമേട്ടിലെ മകരവിളക്ക് -മകരജ്യോതി ദർശനം. ജനുവരി 16 മുതൽ 20 വരെ മാളികപ്പുറത്തു നിന്നുള്ള എഴുന്നള്ളത്ത് നടക്കും.19-ാം തിയതി വരെ മാത്രമേ ഭക്തർക്ക് നെയ്യഭിഷേകം നടത്താൻ സംവിധാനം ഉണ്ടാവുകയുള്ളൂ. 20-ാം തിയതി പന്തളം രാജകുടുംബത്തിന്‍റെ വക നെയ്യഭിഷേകവും കളഭാഭിഷേകവും നടക്കും. അന്ന് വരെ മാത്രം ഭക്തർക്ക് ദർശനം ഉണ്ടാകും. 20 ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. ജനുവരി 21ന് പന്തളം കൊട്ടാര പ്രതിനിധി അയ്യപ്പനെ ദർശിച്ച് മടങ്ങുന്നതോടെ ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് സമാപനമാകും.