കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് രാത്രി പത്തിന് അടയ്ക്കും. പൂജകൾക്കായി 12 നായിരുന്നു നട തുറന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുംഭമാസ പൂജകൾക്കായി എത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇത്തവണ ഉണ്ടായത്. സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധിക്ക് ശേഷം നിരോധനാജ്ഞ ഇല്ലാത്ത ആദ്യ തീർത്ഥാടന കാലമാണ് ഇന്ന് പൂർത്തിയാകുന്നത്. കുംഭമാസ പൂജകൾ പൂർത്തിയാക്കി പതിവ് പൂജകൾക്ക് ശേഷം രാത്രി 10 ന് ഹരിവാസനം ചൊല്ലിയാണ് നട അടയ്ക്കുക. വൈകിട്ട് ആറ് മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടില്ല.
നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി പത്തനംതിട്ട ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ നിരോധനാജ്ഞ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തയ്യാറായില്ല. കഴിഞ്ഞ സീസണിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നത്. അതേ സമയം യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിത്.