ശബരിമല: സൂര്യഗ്രഹണവും, തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തേയ്ക്ക് എത്തുന്നതിനാലും നാളെ ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം. സൂര്യഗ്രഹണമായതിനാൽ നാല് മണിക്കൂർ നട അടച്ചിടും. നടപ്പന്തൽ, മരക്കൂട്ടം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലാണ് പൊലീസ് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. സൂര്യഗ്രഹണമായതിനാൽ രാവിലെ 7.30 മുതൽ 11:30 വരെയാണ് നട അടയ്ക്കുക. നാളെ വൈകുന്നേരത്തോടു കൂടി തങ്ക അങ്കി ഘോഷയാത്രയും സന്നിധാനത്ത് എത്തിച്ചേരും. കഴിഞ്ഞ ദിവസങ്ങളിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതിനാൽ തിരക്കനുസരിച്ചാകും നിലയ്ക്കലിൽ നിന്നും പമ്പയിലേയ്ക്കും പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്കും അയ്യപ്പ ഭക്തരെ കടത്തിവിടുകയുള്ളൂ.
സൂര്യഗ്രഹണം; ശബരിമല നട നാല് മണിക്കൂർ അടച്ചിടും - സൂര്യഗ്രഹണം
കഴിഞ്ഞ ദിവസങ്ങളിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതിനാൽ തിരക്കനുസരിച്ചാകും നിലയ്ക്കലിൽ നിന്നും പമ്പയിലേയ്ക്കും പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്കും അയ്യപ്പ ഭക്തരെ കടത്തിവിടുകയുള്ളൂ.

പതിനെട്ടാം പടി കയറുന്നതിനും നിയന്ത്രണങ്ങളുണ്ട്. നട അടച്ചിരിക്കുന്ന നാല് മണിക്കൂർ ഭക്തരെ പതിനെട്ടാം പടി കയറ്റി വിടില്ല. ഈ സമയത്ത് സന്നിധാനത്ത് തിരക്ക് അധികമാകാതിരിക്കാനാണ് പമ്പയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. 11:30 ന് നട തുറന്ന് ശുദ്ധി ക്രിയ നടത്തും. തുടർന്ന് കുറച്ചു സമയം മാത്രമാകും നെയ്യഭിഷേകം ഉണ്ടാകുക. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി ദീപാരാധനയ്ക്ക് ശേഷം മാത്രമേ അയ്യപ്പന്മാർക്ക് ദർശനം അനുവദിക്കുകയുള്ളൂ. അതിനാൽ രാവിലെ 6:45 ന് ശേഷം പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്ക് തീർഥാടകരെ കടത്തിവിടില്ല. വൈകിട്ട് മൂന്നിന് പമ്പാ ഗണപതി ക്ഷേത്രത്തിൽ നിന്നും തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ട ശേഷം മാത്രമായിരിക്കും അയ്യപ്പന്മാർക്ക് മല കയറാനാകുക.