പത്തനംതിട്ട: കര്‍ക്കടകമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്‌ത ക്ഷേത്രനട തുറന്നു. ഇന്ന് (16-07-2022) വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. തുടർന്ന് ഗണപതി, നാഗര്‍ ഉപദേവതാക്ഷേത്രനടകളും ഭക്തര്‍ക്കായി തുറന്നു. ശേഷം പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്നിപകർന്നു.
കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല നട തുറന്നു ശബരീശ നടതുറന്നതിന് പിന്നാലെ മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപം തെളിച്ചു. നട തുറന്ന ഇന്ന് പ്രത്യേക പൂജകളൊന്നുമുണ്ടായിരുന്നില്ല. രാത്രി പത്ത് മണിക്ക് ഹരിവരാസനം പാടിയാണ് നട അടച്ചത്.
ജൂലൈ 16 മുതല്‍ 21 വരെയാണ് ശബരിമല നട തുറന്നിരിക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്‌ത അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. കൂടാതെ നിലയ്ക്കലില്‍ എത്തുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കര്‍ക്കടകം ഒന്നായ ഞായറാഴ്ച(17) പുലര്‍ച്ചെ 5 മണിക്ക് തിരുനട തുറക്കും. ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതിഹോമവും മറ്റ് പൂജകളും നടക്കും. ഉദയാസ്‌തമയപൂജ, അഷ്‌ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും.പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും.