പത്തനംതിട്ട:കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനായതുകൊണ്ട് ഈ മണ്ഡലകാലത്ത് സന്നിധാനത്തെ ആരോഗ്യവകുപ്പിന്‍റെ മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലൂടെ രക്ഷിക്കാനായത് 851 അയ്യപ്പന്മാരുടെ ജീവനുകൾ. അതേസമയം അതീവ ഗുരുതരനിലയിൽ സന്നിധാനത്തെ ആശുപത്രിയിലെത്തിയ 875 ഭക്തരിൽ 24 പേർക്ക് ജീവൻ നഷ്‌ടവുമായി.
സന്നിധാനത്തെ ആശുപത്രിയിൽ ഈ സീസണിൽ ഇന്ന് ഉച്ചവരെ 44,484 ഭക്തരാണ് ചികിത്സക്കെത്തിയത്. ശരീരവേദന, ഹൃദയസംബന്ധമായ അസുഖങ്ങൾ, അപസ്‌മാരം, പനി തുടങ്ങിയ രോഗങ്ങൾക്കാണ് ഭൂരിഭാഗം പേരും ചികിത്സ തേടിയത്. ജീവൻ നഷ്‌ടമായവരിൽ മിക്കവരും ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവരോ തുടർച്ചയായി മരുന്നുകഴിക്കാൻ ഡോക്‌ടർമാർ ശിപാർശ ചെയ്‌തവരോ ആണെന്ന് മെഡിക്കൽ നോഡൽ ഓഫിസർ ഡോ. ഇ.പ്രഷോദ് പറഞ്ഞു. വേണ്ടത്ര വിശ്രമമില്ലാതെയുള്ള മലകയറ്റവും ജീവൻ നഷ്‌ടമാകാൻ ഇടയാക്കിയിട്ടുണ്ടെന്നും ഡോക്‌ടർ പറഞ്ഞു.
പമ്പയിൽനിന്ന് മല കയറുന്ന അയ്യപ്പന്മാർക്ക് അടിയന്തര വൈദ്യസഹായത്തിനായി 15 എമർജൻസി മെഡിക്കൽ സെന്‍ററുകൾ (ഇ.എം.സി) ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. മകരവിളക്കു പ്രമാണിച്ച് ജനുവരി ഒന്നുമുതൽ കരിമലയിൽ ഒരു ഡിസ്‌പെൻസറി കൂടി പ്രവർത്തനമാരംഭിക്കും. നിലവിൽ പമ്പ, നീലിമല, അപ്പാച്ചിമേട്, ചരൽമല, മരക്കൂട്ടം, വാവർനട, പാണ്ടിത്താവളം, സന്നിധാനം എന്നിവിടങ്ങളിലെ ഇ എം സിയിലൂടെ ഭക്തർക്ക് വൈദ്യസഹായവും നൽകിവരുന്നുണ്ട്.