പത്തനംതിട്ട : ശബരിമലയുടെ വിശുദ്ധിയും പരിശുദ്ധിയും കാക്കാനുള്ള ബാധ്യത ഇവിടെയെത്തുന്ന ഓരോ തീര്‍ഥാടകന്‍റേതു കൂടിയാണെന്ന് ശബരിമല മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി പറഞ്ഞു. ആ കടമ നിര്‍വഹിക്കാന്‍ ഓരോ സ്വാമിഭക്തരും തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മകരവിളക്കിന് മുന്നോടിയായി ഭക്തജനങ്ങളോടുള്ള സന്ദേശത്തിലാണ് മേല്‍ശാന്തിയുടെ പ്രതികരണം.
കാലഗണനയനുസരിച്ച് ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കുള്ള, അജ്‌ഞതയില്‍ നിന്ന് ജ്‌ഞാനത്തിലേക്കുള്ള പുറപ്പാടിന്‍റെ തുടക്കമായാണ് മകരമാസ പിറവിയെ കണക്കാക്കുന്നത്. ഉത്തരായനകാലത്തിന്‍റെ തുടക്കമാണിത്. ക്ഷേത്ര പ്രതിഷ്‌ഠയുള്‍പ്പെടെ എല്ലാ വിശുദ്ധകര്‍മ്മങ്ങളുടെയും കാലം.
ശബരിമലയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഉത്തരായനകാലം ആഘോഷത്തിന്‍റെ കാലമാണ്. അജ്‌ഞാനമാകുന്ന ഇരുട്ടിനെയകറ്റി ജ്‌ഞാനമാകുന്ന വെളിച്ചത്തെ സ്വീകരിക്കുന്ന കാലം. ശബരിമലയില്‍ ഏറ്റവുമധികം തീര്‍ഥാടകര്‍ ഒത്തുചേരുന്ന സമയമാണിത്. മകരനക്ഷത്രം ദര്‍ശിക്കാനും മകരജ്യോതി കാണാനും പതിനായിരങ്ങള്‍ എത്തുന്ന സമയമാണെന്നും കെ ജയരാമന്‍ നമ്പൂതിരി പറഞ്ഞു.