പത്തനംതിട്ട : പുണ്യം നിറച്ച ഇരുമുടി കെട്ടുകളുമേന്തി ശരണ മന്ത്രങ്ങളുരുവിട്ട് ഭക്തർ തൊഴുതു നിന്നപ്പോൾ തങ്ക അങ്കി ചാർത്തി കലിയുഗ വരദന് മണ്ഡല പൂജ നടന്നു. ഞായറാഴ്‌ച പകല്‍ 11.50 നും 12.40 നും മധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തിലാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി സഹകാര്‍മികനായി തങ്കഅങ്കി ചാര്‍ത്തി ശബരിമലയിൽ മണ്ഡലപൂജ നടന്നത്.
ഇതോടെ 41 ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനമായി. കലശാഭിഷേകവും വിശേഷാല്‍ കളകാഷാഭിഷേകവും പൂര്‍ത്തിയാക്കിയശേഷം തങ്കഅങ്കി ചാര്‍ത്തിയുള്ള ഉച്ചപൂജയും പൂര്‍ത്തിയായതോടെയാണ് മണ്ഡല പൂജ സമാപിച്ചത്. മണ്ഡലപൂജ കഴിഞ്ഞ് ഉച്ചക്ക് ഒന്നരയോടെ നട അടച്ചു.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപന്‍, മനോജ് ചരളേല്‍, പി.എം തങ്കപ്പന്‍, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ മനോജ്, കോട്ടയം ജില്ല കലക്‌ടര്‍ ഡോ. പി.കെ. ജയശ്രീ, എഡിജിപി എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.