പത്തനംതിട്ട: മകരവിളക്ക് ദിവസം തിരുവാഭരണ ഘോഷയാത്രയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് പമ്പയിൽ അയ്യപ്പൻമാർക്ക് പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് അഡീഷണൽ ജില്ല മജിസ്ട്രേറ്റ് അർജുൻ പാണ്ഡ്യൻ പറഞ്ഞു. ബുധനാഴ്‌ച പമ്പയിൽ ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി സന്നിധാനത്ത് ചേർന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മകരവിളക്കിന്‍റെ അവസാനവട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനാണ് യോഗം ചേർന്നത്. മകരവിളക്കിന് കൂടുതൽ തിരക്ക് പ്രതീക്ഷിച്ചു കൊണ്ടുള്ള മുന്നൊരുക്കങ്ങളാണ് പൂർത്തിയാക്കുന്നതെന്ന് യോഗത്തിൽ അർജുൻ പാണ്ഡ്യൻ പറഞ്ഞു.
ഭക്തർ കൂടുതലായി മകരവിളക്ക് ദർശനത്തിന് നിൽക്കുന്ന പാണ്ടിത്താവളം, അന്നദാന മണ്ഡപം എന്നിവിടങ്ങളിലും സമീപ പ്രദേശത്തും വൃത്തിയാക്കലും മറ്റും പൂർത്തിയായി വരികയാണ്. രണ്ട് അധിക ബ്ലോക്കുകളിലായി 240 ടോയ്‌ലെറ്റുകൾ ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്. കൂടാതെ പാണ്ടിത്താവളത്ത് പുതിയതായി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ ബുധനാഴ്‌ച ഒരു എമർജൻസി മെഡിക്കൽ കെയർ സംവിധാനം ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ സജ്ജമാക്കും. ഫയർ ഫോഴ്‌സിന്‍റെ സാന്നിധ്യവും പാണ്ടിത്താവളത്ത് ഉറപ്പാക്കുമെന്ന് അർജുൻ പാണ്ഡ്യൻ അറിയിച്ചു.