പത്തനംതിട്ട : ശബരിമല മകരവിളക്കുത്സവത്തിന്‍റെ (Sabarimala Makaravilakku) മുന്നോടിയായി സുസജ്ജമായ സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പ് (health department) ശബരിമലയിൽ ഒരുക്കുന്നത്. നിലവിലെ സൗകര്യങ്ങൾക്ക് പുറമെ മകരവിളക്കിനോടനുബന്ധിച്ച് പതിനൊന്ന് വ്യൂ പോയിന്‍റുകളിൽ ആംബുലൻസ് സൗകര്യവും ഡോക്‌ടറും സ്റ്റാഫ് നേഴ്‌സും ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിനെ നിയോഗിക്കും.
പമ്പ, ഹിൽ ടോപ്പ്, ഹിൽ ഡൗൺ, ത്രിവേണി പെട്രോൾ പമ്പ്, ത്രിവേണി പാലം, പമ്പ കെ എസ് ആർ ടി സി സ്റ്റാന്‍ഡ്, ചാലക്കയം, അട്ടത്തോട് കുരിശ് കവല, അട്ടത്തോട് പടിഞ്ഞാറെക്കര കോളനി, എലവുങ്കൽ, നെല്ലി മല, അയ്യൻ മല, പാഞ്ഞിപ്പാറ, ആങ്ങമുഴി ടൗൺ എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഒരുക്കുക.
തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്ന ദിനം പന്തളം മുതൽ പമ്പ വരെ ഘോഷയാത്രയെ ഒരു മൊബൈൽ മെഡിക്കൽ യൂണിറ്റ് അനുഗമിക്കും. ജനുവരി 10 മുതൽ 17 വരെ കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്നും ഇക്കാര്യം കാണിച്ച് ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും ആരോഗ്യ വിഭാഗം ശബരിമല നോഡൽ ഓഫിസർ ഡോ. കെ ശ്യാംകുമാർ പറഞ്ഞു. ആന്‍റിവെനം, പേവിഷബാധയ്ക്കുള്ള പ്രതിരോധ മരുന്നുൾപ്പെടെ മുഴുവൻ ജീവൻ രക്ഷ ഔഷധങ്ങളും ആവശ്യത്തിന് കരുതൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.