കേരളം

kerala

ETV Bharat / state

വീണ്ടും ശബരിമല പിന്നെ ഒത്തുകളിയുടെ കഥകളും - ശബരിമല വിഷയം ചർച്ചയാക്കി ബിജെപിയും കോൺഗ്രസും

ശബരിമല വിഷയം വീണ്ടും ചർച്ചയാക്കി രാഷ്ട്രീയ പാർട്ടികൾ. സിപിഎം-ബിജെപി ഒത്തുകളിയെന്ന് ബാലശങ്കറും കോൺഗ്രസ്-ലീഗ്- ബിജെപി ബന്ധം തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ടെന്ന് ഒ രാജഗോപാലും പറയുന്നു.

sabarimala and politics
വീണ്ടും ശബരിമല പിന്നെ ഒത്തുകളിയുടെ കഥകളും

By

Published : Mar 17, 2021, 8:01 PM IST

Updated : Mar 17, 2021, 8:16 PM IST

പ്രമുഖരെ ഇറക്കി പടനയിക്കുന്ന ബിജെപി കൂടി തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കളം നിറഞ്ഞതോടെ കേരളം ശരിക്കും ചൂടേറിയ ചർച്ചകൾക്ക് വേദിയാകുകയാണ്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചർച്ചയായ ശബരിമല ഇത്തവണയും ചർച്ചയാക്കാൻ തന്നെയാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുതിർന്ന നേതാവും കഴക്കൂട്ടത്തെ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ എന്നിവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടതുതന്നെ ശബരിമല വിഷയം ആവർത്തിച്ചുകൊണ്ടാണ്. മഞ്ചേശ്വരത്തിന് പുറമെ ശബരിമല കൂടി ഉൾപ്പെടുന്ന കോന്നിയില്‍ മത്സരിക്കുന്നത് വിജയ പ്രതീക്ഷയുള്ളതു കൊണ്ടാണെന്നാണ് സുരേന്ദ്രൻ പറയുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരെ ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നതെന്നാണ് ശോഭ സുരേന്ദ്രൻ പറയുന്നത്.

അതിനിടെ, ശബരിമല വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതോടെ ബിജെപിക്കും കോൺഗ്രസിനും അത് വലിയ ആയുധമായി. ശബരിമലയില്‍ സർക്കാരിന് തെറ്റുപറ്റിയെന്ന ദേവസ്വം മന്ത്രിയും കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രന്‍റെ നിലപാടിനെ യെച്ചൂരി തള്ളിപ്പറഞ്ഞിരുന്നു. പാർട്ടി അഭിപ്രായം വ്യക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലെ നിലപാട് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്വാസം ഈ തെരഞ്ഞെടുപ്പിലും ചർച്ചയാകുമെന്ന നിലപാടാണ് കോൺഗ്രസ് നേതാക്കളും ആവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് വരെ വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ടാകും യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുകൊണ്ടുപോകുക എന്നാണ് സൂചന.

അതേസമയം, തെരഞ്ഞെടുപ്പില്‍ സിപിഎം -ബിജെപി ഡീല്‍ ഉണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറിന്‍റെ വെളിപ്പെടുത്തല്‍ ബിജെപിയില്‍ വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. ചെങ്ങന്നൂർ നിയോജക മണ്ഡലത്തില്‍ സ്ഥാനാർഥിത്വം ലഭിക്കാത്തതിനെ തുടർന്നാണ് ബാലശങ്കർ ബിജെപിയെ വെട്ടിലാക്കി വെളിപ്പെടുത്തല്‍ നടത്തിയത്. ചെങ്ങന്നൂരും ആറൻമുളയും ജയിക്കാൻ സിപിഎമ്മിനെ സഹായിക്കുമ്പോൾ കോന്നി ജയിക്കാൻ സിപിഎം ബിജെപിയെ സഹായിക്കുമെന്ന തരത്തിലാണ് ബാലശങ്കർ വെളിപ്പെടുത്തല്‍ നടത്തിയത്. സിപിഎം- ബിജെപി ഡീലിനെ കുറിച്ചാണ് ബാലശങ്കർ പറഞ്ഞതെങ്കില്‍ കോൺഗ്രസ്-ബിജെപി- മുസ്ലീംലീഗ് എന്നിവർ തെരഞ്ഞെടുപ്പില്‍ പരസ്‌പരം സഹായിച്ചിട്ടുണ്ടെന്ന് നേമം എംഎല്‍എയും ബിജെപി നേതാവുമായ ഒ രാജഗോപാലും പറഞ്ഞതോടെ ഒത്തുകളി സംബന്ധിച്ചുള്ള ചർച്ചകൾ സജീവമായി. കോൺഗ്രസ്, ലീഗ് പാർട്ടികളുമായി വടക്കൻ കേരളത്തില്‍ ഉണ്ടായിരുന്ന സഖ്യം ബിജെപിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.

എന്നാല്‍ ബാലശങ്കർ നടത്തിയ വെളിപ്പെടുത്തല്‍ തള്ളി ആർഎസ്എസും ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. ബാലശങ്കറിനെ സ്ഥാനാർഥിയാക്കുന്ന കാര്യം പോലും അറിയില്ലെന്നാണ് ആർഎസ്എസ് വ്യക്തമാക്കിയത്. ഓർഗനൈസറിന്‍റെ പത്രാധിപർ ആയിരുന്ന ബാലശങ്കറിനെ തള്ളി ആർഎസ്എസ് നേതൃത്വം നേരിട്ട് രംഗത്ത് എത്തിയത് ബിജെപിയിലും ആർഎസ്‌എസിലും വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്. നേമം, മലമ്പുഴ അടക്കമുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വരും ദിവസങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ ഒത്തുകളി സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ ഉയരുമെന്നുറപ്പായി. അതിനിടെ, കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും കള്ളവോട്ട് ചേർത്തിട്ടുണ്ട് എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തി. ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശദീകരണം.

Last Updated : Mar 17, 2021, 8:16 PM IST

ABOUT THE AUTHOR

...view details