പത്തനംതിട്ട : രണ്ട് മാസം നീണ്ടുനില്‍ക്കുന്ന മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമല ക്ഷേത്രവും പരിസര പ്രദേശങ്ങളും മദ്യ, ലഹരി വിമുക്ത മേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മണ്ഡല മകരവിളക്ക് സീസണില്‍ ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുക. നവംബര്‍ 17ന് ആരംഭിച്ച് ജനുവരി 15നാണ് മണ്ഡല മകരവിളക്ക് സീസണ്‍ അവസാനിക്കുക.
മണ്ഡല മകരവിളക്ക് തീർഥാടനം : ശബരിമലയെ മദ്യ, ലഹരി മുക്ത മേഖലയായി പ്രഖ്യാപിച്ചു - ശബരിമല ക്ഷേത്രം വാര്‍ത്തകള്‍
മണ്ഡല മകരവിളക്ക് സീസണിന് മുന്നോടിയായാണ് സര്‍ക്കാര്‍ ഉത്തരവ്
സന്നിധാനത്തെ കൂടാതെ പമ്പ, ത്രിവേണി, മരക്കൂട്ടം, ശബരിപീഠം എന്നിവിടങ്ങളും പെരിനാട്, കൊല്ലമൂല തുടങ്ങിയ പഞ്ചായത്തുകളിലേയും റാന്നി താലൂക്കിലേയും പല പ്രദേശങ്ങളും മദ്യ, ലഹരി വിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മദ്യം, പുകയില ഉത്പന്നങ്ങള്‍, മറ്റ് ലഹരികള്‍ എന്നിവയുടെ വില്‍പനയും ഉപയോഗവും നവംബര്‍ 14 മുതല്‍ അടുത്ത വര്‍ഷം ജനുവരി 22 വരെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
മദ്യവും മറ്റ് ലഹരി പദാര്‍ഥങ്ങളും നിരോധിച്ചെന്ന നോട്ടിസുകള്‍ പല ഭാഷകളില്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉത്തരവ് ശക്തമായി നടപ്പാക്കുന്നതിനായി പൊലീസ്, എക്‌സൈസ്, ഫോറസ്‌റ്റ് ഉദ്യോഗസ്ഥരുടെ സംയുക്ത റെയ്‌ഡും നടക്കും. നവംബര്‍ 14 മുതല്‍ പമ്പയില്‍ എക്‌സൈസിന്‍റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും. അസിസ്റ്റന്‍റ് എക്‌സൈസ് കമ്മിഷണറുടെ കീഴിലായിരിക്കും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.