പത്തനംതിട്ട:വരുന്ന ഒരു വര്‍ഷം കൂടി ശബരിമലയും പരിസര പ്രദേശങ്ങളയും പ്രത്യേക സുരക്ഷ മേഖലയായി തുടരും. യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമലയില്‍ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന സുരക്ഷ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഒരു വര്‍ഷത്തേക്ക് കൂടി ശബരിമലയെയും പരിസര പ്രദേശങ്ങളെയും പ്രത്യേക സുരക്ഷാമേഖലയായി നിലനിര്‍ത്തണമെന്നുമുള്ള പൊലീസിന്‍റെ ആവശ്യം അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ വലിയ പ്രക്ഷോഭങ്ങളുണ്ടായിരുന്നു.
ALSO READ:വർണവിവേചന ചരിത്രം പറഞ്ഞ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ ഡാമണ്‍ ഗാല്‍ഗട്ടിന് മാന്‍ ബുക്കര്‍ പ്രൈസ്
കോടതി ഉത്തരവുണ്ടെങ്കിലും സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തതോടെയാണ് ക്ഷേത്രവും പരിസരവും സംഘര്‍ഷ മേഖലയായി മാറിയത്. ഇതിനുപിന്നാല 2018 ലാണ് ശബരിമലയെ പ്രത്യേക സുരക്ഷ മേഖലയാക്കിയത്. ഇലവുങ്കല്‍ മുതല്‍ കുന്നാര്‍ഡാം വരെയുള്ള സ്ഥലമാണ് പ്രത്യേക സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുന്നത്.
അതേസമയം കൊവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ജനങ്ങളെ കടത്തിവിടുന്നത്. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്‌ത് ശബരിമല ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സീന്‍ രണ്ട് ഡോസ് സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്.