പത്തനംതിട്ട:37 വർഷം മുന്‍പ് റബ്ബർ ഷീറ്റ് മോഷ്‌ടിച്ചയാള്‍ പൊലീസിന്‍റെ പിടിയില്‍. അത്തിക്കയം കരികുളം ചെമ്പനോലി വീട്ടിൽ പൊടിയനെയാണ് (71) വെച്ചൂച്ചിറ പൊലീസ് കലഞ്ഞൂർ പോത്തുപാറയിൽ നിന്നും ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്‌തത്. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ 1985ൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് പൊലീസ് നടപടി.
37 വര്‍ഷങ്ങള്‍ക്ക് ശേഷം റബ്ബര്‍ ഷീറ്റ് മോഷണക്കേസ് പ്രതി പിടിയില്‍; 71കാരന്‍ ഒളിവില്‍ കഴിഞ്ഞത് വനത്തില്‍ - Vechuchira Police
റബ്ബര്‍ ഷീറ്റ് മോഷണക്കേസില്‍ 1985ൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് 37 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയിലായത്
റാന്നി അത്തിക്കയം സ്വദേശി വര്‍ഗീസ് മാത്യുവിന്‍റെ 250 എണ്ണം റബ്ബര്‍ ഷീറ്റുകളാണ് ഇയാള്‍ മോഷ്‌ടിച്ചത്. 1985ല്‍ ഇതിന് 4000 രൂപയ്‌ക്കടുത്ത് വിലയുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. റബ്ബർ ഷീറ്റ് മോഷ്‌ടിച്ച ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. കാടുകയറിയാണ് രക്ഷപ്പെട്ടതെന്ന് ഇയാള്‍ വെളിപ്പെടുത്തി. മൊബൈൽ ഫോണോ മറ്റ് സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന പൊടിയനുമായി മൂന്നുപതിറ്റാണ്ടായി ബന്ധുക്കൾക്കോ നാട്ടുകാർക്കോ യാതൊരുവിധ ബന്ധവും ഇല്ലായിരുന്നു.
പോത്തുപാറ വനത്തിൽ ഒളിച്ചു താമസിക്കുന്നതായി വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്‌ടര്‍ ജെസ്‌ലിന്‍ വി സ്‌കറിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, പൊലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. എസ്ഐ സായ് സേനൻ, എസിപിഒ സാംസൺ, സിപിഒമാരായ കെഎസ് വിഷ്‌ണു, ലാൽ, ശ്യാംകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചു.