കേരളം

kerala

ETV Bharat / state

റോഡ് നിർമാണ സാമഗ്രികൾ മോഷ്‌ടിച്ച പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്

ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് ഓടിച്ചിട്ട്‌ പിടികൂടുകയായിരുന്നു. അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന സാമഗ്രികളാണ് പ്രതികൾ മോഷ്‌ടിച്ചത്.

By

Published : Jul 14, 2022, 9:49 AM IST

road construction materials stolen  police chased and arrested the accused  റോഡ് നിർമാണ സാമഗ്രികൾ മോഷ്‌ടിച്ചു  സ്വകാര്യ നിർമാണ കമ്പനി റോഡ് നിർമാണം മോഷണക്കേസ് പ്രതികൾ അറസ്റ്റിൽ  പ്രതികളെ അതിസാഹസികമായി പിടികൂടി പൊലീസ്
സ്വകാര്യ നിർമാണ കമ്പനിയുടെ റോഡ് നിർമാണ സാമഗ്രികൾ മോഷ്‌ടിച്ചു; പ്രതികളെ അതിസാഹസികമായി പിടികൂടി പൊലീസ്

പത്തനംതിട്ട: തിരുവല്ലയിൽ സ്വകാര്യ നിർമാണ കമ്പനിയുടെ ലക്ഷങ്ങൾ വിലവരുന്ന റോഡ് നിർമാണ സാമഗ്രികൾ മോഷ്‌ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കായംകുളം കൃഷ്‌ണപുരം പന്തപ്ലാവിൽ വീട്ടിൽ സിദ്ദിഖ്(40), ഇയാളുടെ ബന്ധു കറ്റാനം തടയിൽ വടക്കേതിൽ വീട്ടിൽ മുഹമ്മദ് ഇല്യാസ്(29) എന്നിവരെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാത നിര്‍മാണത്തിന്‍റെ ഭാഗമായി റോഡിന്‍റെ വിവിധ ഭാഗങ്ങളിലായി സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനി സൂക്ഷിച്ചിരുന്ന ഉരുക്ക് പാളികള്‍, ഇരുമ്പ് പൈപ്പുകള്‍, ജാക്കികൾ എന്നിവ ഉൾപ്പെടെ അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന സാമഗ്രികളാണ് പ്രതികൾ മോഷ്‌ടിച്ചത്.

കഴിഞ്ഞ മൂന്ന് മാസക്കാലത്തിനിടെയായിരുന്നു മോഷണം. സിദ്ദിഖിന്‍റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോറിക്ഷയിലെത്തി രാത്രികാലങ്ങളിലാണ് പ്രതികൾ മോഷണം നടത്തിവന്നത്. റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികള്‍ മോഷണം പോകുന്നതായി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മാനേജര്‍ പുളിക്കീഴ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയിൽ അന്വേഷണം നടന്നു വരുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്.

ബുധനാഴ്‌ച പുലര്‍ച്ചെ മൂന്നു മണിയോടെ പെട്ടി ഓട്ടോറിക്ഷയില്‍ എത്തിയ പ്രതികൾ മണിപ്പുഴയില്‍ നിന്നും റോഡരികിൽ സൂക്ഷിച്ചിരുന്ന ഉരുക്ക് പാളി ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ഓട്ടോയിലേക്ക് കയറ്റി. ഇതിനിടെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ രണ്ട് ജീവനക്കാര്‍ ബൈക്കില്‍ ഇതുവഴി വന്നു. ഇവരെ കണ്ടതോടെ ഇരുവരും പെട്ടി ഓട്ടോയിൽ കയറി രക്ഷപെട്ടു.

ജീവനക്കാര്‍ ബൈക്കിൽ ഓട്ടോയെ പിന്തുടര്‍ന്നു. മാന്നാറില്‍ വച്ച്‌ അമിത വേഗത്തില്‍ പോകുന്ന ഓട്ടോറിക്ഷയും പിന്തുടരുന്ന ബൈക്കും മാന്നാര്‍ പൊലീസ് പെട്രോളിങ് സംഘത്തിന്‍റെ ശ്രദ്ധയില്‍ പെട്ടു. ഇവർക്ക് പിന്നാലെ പാഞ്ഞ പൊലീസ്, ജീപ്പ് റോഡിന് കുറുകെയിട്ട് പെട്ടിഓട്ടോ തടഞ്ഞു.

ഓട്ടോയില്‍ നിന്നും ഇറങ്ങിയോടിയ പ്രതികളെ പൊലീസ് ഓടിച്ചിട്ട്‌ പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details