പത്തനംതിട്ട :ശബരിമലയിൽ ഈ തീർഥാടന കാലത്ത് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും കൂടിയ വരുമാനം. ഭണ്ഡാരപ്പുരകളില്‍ നാണയങ്ങള്‍ നിറഞ്ഞതോടെ എണ്ണല്‍ പുറത്തേക്ക് മാറ്റി. ഭണ്ഡാരം കെട്ടിടത്തിന്‍റെ മൂന്ന് ഭാഗത്തായി നാണയങ്ങള്‍ കുന്നുകളായി കൂട്ടിയിട്ടിരിക്കുകയാണ്.
ഇതില്‍ മണ്ഡല കാലം മുതലുള്ളവയുണ്ട്. നാളെ നട അടച്ചാലും നാണയങ്ങള്‍ എണ്ണിത്തീരാന്‍ ദിവസങ്ങളെടുക്കുമെന്ന് ജീവനക്കാര്‍ പറഞ്ഞു. പമ്പയിലെയും നിലയ്‌ക്കലിലെയും കാണിക്കവഞ്ചികള്‍ പൊട്ടിക്കാനുണ്ട്. ഏകദേശം ഏഴുകോടിയിലധികം നാണയങ്ങള്‍ എണ്ണാനുണ്ടെന്നാണ് അനുമാനം.
സ്ഥലപരിമിതി കണക്കിലെടുത്ത് അന്നദാന മണ്ഡപത്തിലും നാണയങ്ങള്‍ എണ്ണുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമാണ് ഇത്തവണ ലഭിച്ചത്. 318 കോടിയാണ് ഇതുവരെ തിട്ടപ്പെടുത്തിയ കണക്ക്.
പണം മുഴുവനായി എണ്ണിത്തീരുമ്പോൾ 330 കോടിയെങ്കിലും ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന സൂചന. നിലവില്‍ നോട്ട് എണ്ണുന്നതിന് ധനലക്ഷ്‌മി ബാങ്ക് ആറ് ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചിട്ടുണ്ട്.
നാണയങ്ങള്‍ യന്ത്രങ്ങളില്‍ എണ്ണി എടുക്കണോ അതോ തൂക്കി എടുക്കണോ എന്ന സംശയത്തിലാണ് ദേവസ്വം ബോര്‍ഡ്. ഒരേ മൂല്യമുളള നാണയങ്ങള്‍ പലവലിപ്പത്തിലുണ്ട്. ഭാരം കൂടിയതും കുറഞ്ഞതുമായ നാണയങ്ങള്‍ ഉണ്ട്. അതിനാല്‍ തൂക്കി എടുക്കുന്നത് ദേവസ്വം ബോര്‍ഡിന് നഷ്‌ടം ഉണ്ടാക്കുമെന്ന് 2019ല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തീര്‍ഥാടകര്‍ കാണിക്കയായി നല്‍കിയ നോട്ടുകളില്‍ ചിലത് നശിച്ചിട്ടുണ്ട്. സോപാനത്തിലിടുന്ന കാണിക്ക കണ്‍വയര്‍ ബെല്‍റ്റ് വഴി നേരെ പണം എണ്ണുന്ന ഭണ്ഡാരത്തില്‍ എത്തുകയാണ് ചെയ്യുന്നത്.
കാണിക്ക എണ്ണലിൽ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി :മണ്ഡല മകര വിളക്കുകാലത്ത് ലഭിച്ച കാണിക്ക എണ്ണുന്നതുമായി ബന്ധപ്പെട്ട് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറോടും ദേവസ്വം വിജിലന്‍സ് വിഭാഗത്തോടും ഹൈക്കോടതി റിപ്പോര്‍ട്ടുതേടി. കാണിക്ക എണ്ണുന്നതില്‍ വീഴ്‌ചയുണ്ടായോയെന്ന് അറിയിക്കാനാണ് ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വിജിലന്‍സ് വിഭാഗത്തിന് നല്‍കിയ നിര്‍ദേശം.
also read:മകരവിളക്ക് ദർശനം; കെഎസ്‌ആർടിസിക്ക് പമ്പയിൽ ലഭിച്ചത് 31 ലക്ഷം രൂപ
നോട്ടുകളും നാണയങ്ങളും എണ്ണുന്നതുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിയാണ് സ്‌പെഷ്യല്‍ കമ്മിഷണര്‍ അറിയിക്കേണ്ടത്. കാണിക്കയായി ലഭിച്ച നോട്ടുകള്‍ യഥാസമയം എണ്ണി മാറ്റാത്തതിനാല്‍ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ നശിച്ചിരുന്നു. വിഷയത്തിൽ വിശദീകരണത്തിന് ദേവസ്വം ബോര്‍ഡ് സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയിട്ടുണ്ട്. ശബരിമല നട ജനുവരി 20 ന് അടയ്‌ക്കും.