പത്തനംതിട്ട:ജില്ലയിൽ എലിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമൺ കൊമണ്‍ചിറ പാറപ്പാട്ട് മേലേതില്‍ സുജാത (50) ആണ് ഇന്ന് മരിച്ചത്. ഒരാഴ്‌ചയ്ക്കിടെ മൂന്നു പേരാണ് പത്തനംതിട്ട ജില്ലയിൽ എലിപ്പനി ബാധിച്ചു മരിച്ചത്. എലിപ്പനി മരണങ്ങൾ തുടരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
തൊഴിലുറപ്പ് തൊഴിലാളിയായ സുജാത കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് അഡ്‌മിറ്റ് ചെയ്‌ത സുജാതയ്ക്ക് വൈകിയാണ് എലിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് സുജാതയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ ഇരിക്കെയാണ് മരണം.
കൊടുമണ്‍ പഞ്ചായത്തില്‍ ഇത് രണ്ടാമത്തെ എലിപ്പനി മരണമാണ്. മൂന്നു ദിവസം മുൻപാണ് ക്ഷീരകർഷകയായ കൊടുമണ്‍ കാവിളയില്‍ മണി(54) എലിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് പെരിങ്ങനാട് സ്വദേശിയും മരിച്ചിരുന്നു.
അടൂർ പെരിങ്ങനാട് മൂന്നാളം ലിജോ ഭവനില്‍ രാജൻ (60) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്‌ചയാണ് രാജൻ മരിച്ചത്.
ഒരാഴ്‌ചയായി പനിയും ശരീര വേദനയുമുണ്ടായിരുന്നു. വ്യാഴാഴ്‌ച അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എലിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരുവയസുള്ള പെൺകുഞ്ഞ് വെള്ളിയാഴ്‌ച മരിച്ചിരുന്നു. കോന്നി ആങ്ങമൂഴി പുന്നയ്ക്കല്‍ സുമേഷിന്‍റെയും പ്രിയയുടെയും മകൾ അഹല്യയാണ് മരിച്ചത്.