കേരളം

kerala

ETV Bharat / state

വിവാഹ വാഗ്‌ദാനം നൽകി പീഡനം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റിൽ

വിവിധ ലോഡ്‌ജുകളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നും, ഒരു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി നിലവിൽ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

By

Published : Jul 8, 2022, 8:14 PM IST

വിവാഹ വാഗ്‌ദാനം നൽകി പീഡനം  യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റിൽ  youth congress leader arrested  rape case pathanamthitta  rape case youth congress leader arrested  വിവിധ ലോഡ്‌ജുകളിൽ എത്തിച്ച് പീഡിപ്പിച്ചു  ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ്
വിവാഹ വാഗ്‌ദാനം നൽകി പീഡനം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റിൽ

പത്തനംതിട്ട:നിയമ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തുവെന്ന പരാതിയില്‍ സഹപാഠി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ്‌ ആറന്മുള നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് അഭിജിത്ത് സോമൻ (26) ആണ് പിടിയിലായത്. ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

വിവിധ ലോഡ്‌ജുകളില്‍ എത്തിച്ച്‌ പീഡിപ്പിച്ചുവെന്നും, ഫീസ് അടയ്ക്കാന്‍ വീട്ടില്‍ നിന്ന് കൊടുത്ത ഒരു ലക്ഷം രൂപ ഇയാൾ രണ്ടു തവണയായി തട്ടിയെടുത്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ആത്മഹത്യ ശ്രമത്തെ തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പെണ്‍കുട്ടിയും അഭിജിത്തും തമ്മിൽ പ്രണയത്തിലായിരുന്നു.

ഫീസ് കുടിശികയായപ്പോള്‍ കോളജ് അധികൃതര്‍ വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഫീസടയ്ക്കാൻ അഭിജിത്തിനോട് പണം തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ മൊബൈല്‍ നമ്പർ ബ്ലോക്ക് ചെയ്തു.

പിന്നീട് പെൺകുട്ടി നേരില്‍ കണ്ട് പണം ചോദിച്ചപ്പോള്‍ തരാമെന്ന് പറഞ്ഞെങ്കിലും കൊടുത്തില്ല. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി കോളജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കി. വിവരം അറിഞ്ഞ അഭിജിത്ത് ചൊവ്വാഴ്‌ച വൈകിട്ട് കോളജില്‍ എത്തി കാറില്‍ കയറ്റിക്കൊണ്ടു പോയി ശാരീരികമായി അക്രമിച്ച്‌ മുറിവേല്‍പ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

ബുധനാഴ്‌ച കോളജില്‍ വച്ച്‌ കണ്ടിട്ടും അഭിജിത്ത് പ്രതികരിക്കാതെ വന്നതോടെയാണ് രാത്രിയില്‍ കൈ ഞരമ്പ് മുറിച്ച്‌ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച വെഞ്ഞാറമൂട്ടിലെ ലോഡ്‌ജില്‍ നിന്ന് പ്രതി റൂമെടുക്കാന്‍ കൊടുത്ത തിരിച്ചറിയല്‍ രേഖകളും ബില്ലും പൊലീസ് കണ്ടെടുത്തു. ഇന്നലെ രാത്രി തന്നെ പെൺകുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച്‌ 164 സ്‌റ്റേറ്റ്‌മെന്‍റ് എടുത്തതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. അതേസമയം ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് അഭിജിത്തിനെ യൂത്ത് കോണ്‍ഗ്രസ് നീക്കി. പ്രാഥമികാംഗത്വത്തില്‍ നിന്നുള്‍പ്പെടെ പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികൾ അറിയിച്ചു.

ABOUT THE AUTHOR

...view details