പത്തനംതിട്ട :മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങളായ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ 61കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രതിയുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നത്. യുവതികളിൽ ഒരാളുടെ നഗ്നഫോട്ടോ ഇയാൾ ഫോണിൽ എടുക്കുകയും പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.
യുവതികളുടെ ചികിത്സയ്ക്കായി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് വെച്ചൂച്ചിറ പൊലീസിന് പരാതി നൽകി. തുടർന്ന് വെച്ചൂച്ചിറ പൊലീസ് റാന്നി പൊലീസിന് കേസ് കൈമാറുകയുമായിരുന്നു.
വെച്ചൂച്ചിറ പൊലീസ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി റാന്നി പൊലീസിന് കൈമാറുകയും ചെയ്‌തു. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലെ സിപിഒ അഞ്ജന യുവതികളുടെ മൊഴി മാതാവിന്‍റെ സാന്നിധ്യത്തിൽ സ്പെഷ്യൽ എജുക്കേറ്ററുടെ സഹായത്തോടെ രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.
റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. യുവതികൾക്ക് കൗൺസിലിംഗ് നൽകുന്നത് ഉൾപ്പടെയുള്ള സേവനങ്ങൾക്കായി കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്‍റർ അധികൃതർക്ക് കത്ത് നൽകി. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
പത്തനംതിട്ട സിജെഎം കോടതിയിൽ മൊഴി എടുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്‌തു. റാന്നി പൊലീസ് ഇൻസ്‌പെക്‌ടർ വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾ സ്വീകരിച്ചത്. എസ്ഐമാരായ അനീഷ്, ശ്രീഗോവിന്ദ്, മനോജ്, എ എസ് ഐ കൃഷ്‌ണകുമാർ, സി പി ഒ സുനിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.