പ്രതിപക്ഷം ശബരിമലയെ മുഖ്യപ്രചാരണ വിഷയമാക്കിയതോടെ ക്ഷേത്രം ഉള്‍പ്പെടുന്ന റാന്നി ഇത്തവണയും ശ്രദ്ധാകേന്ദ്രമാണ്. കാല്‍നൂറ്റാണ്ട് ഇടത്-വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും രാജു എബ്രഹാമിലൂടെ ചുവപ്പണിഞ്ഞ് നിന്ന മണ്ഡലം. 1987ന് ശേഷം റാന്നിക്കാരെ മാത്രം ജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിന്‍റേത്. എല്‍ഡിഎഫിലേക്കെത്തിയ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കിയതോടെ ഇതുവരെ കാണാത്ത പോരാട്ടത്തിനാണ് റാന്നിയില്‍ കളമൊരുങ്ങിയത്. ജോസ് വിഭാഗത്തിന് സിപിഎമ്മിന്‍റെ ഉറച്ച സീറ്റ് കൈമാറിയതിനെതിരെ പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എസ്.എഫ്.ഐയില്‍ നിന്ന് രാഷ്ട്രീയ ജീവിതമാരംഭിച്ച് കോണ്‍ഗ്രസിലും നിലവില്‍ കേരള കോണ്‍ഗ്രസിലുമെത്തിയ പ്രമോദ് നാരായണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പ്രാസംഗികനും എഴുത്തുകാരനുമായ പ്രമോദ് 2008ല്‍ ജി സുധാകരനെതിരായ തര്‍ക്കത്തിന് പിന്നാലെ പാര്‍ട്ടി നടപടിക്കും വിധേയനായിരുന്നു.
1991ല്‍ എം.സി ചെറിയാനിലൂടെ നേടിയ ജയം ഇത്തവണ കെപിസിസി സെക്രട്ടറിയായ മകന്‍ റിങ്കു ചെറിയാനിലൂടെ ആവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. ജാതി-മത സമവാക്യങ്ങള്‍ നിര്‍ണായകമാകുന്ന മണ്ഡലത്തില്‍ സ്വന്തം നാട്ടുകാരനെന്ന ഘടകവും റിങ്കുവിന് ഗുണം ചെയ്തേക്കും. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലെ മത്സരത്തില്‍ എന്‍ഡിഎയ്ക്കും വലിയ പ്രതീക്ഷയുണ്ട്. എ ക്ലാസ് മണ്ഡലത്തില്‍ ഇത്തവണയും ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ പദ്മകുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. 2016ലെ 21% വോട്ട് വിഹിതത്തില്‍ ഇത്തവണ വലിയ വര്‍ധനയാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്.
മണ്ഡല ചരിത്രം
1957ല്‍ രൂപീകരിച്ച മണ്ഡലം. റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂര്‍, ചെറുകോല്‍, നാറാണാംമുഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ, എഴുമറ്റൂര്‍, കോട്ടാങ്ങല്‍, കൊറ്റനാട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് റാന്നി നിയമസഭ മണ്ഡലം. അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകള്‍ ആറന്മുള മണ്ഡലത്തില്‍ നിന്നും കോട്ടാങ്ങല്‍, എഴുമറ്റൂര്‍, കൊറ്റനാട് പഞ്ചായത്തുകള്‍ കല്ലൂപ്പാറയില്‍ നിന്നും റാന്നിയിലേക്ക് കൂട്ടിച്ചേര്‍ത്തത്. ആകെ 1,93,634 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അതില്‍ 93,562 പേര്‍ പുരുഷന്മാരും 1,00,070 പേര്‍ സ്ത്രീകളും രണ്ടു പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്.
മണ്ഡല രാഷ്ട്രീയം
ഇടത്-വലത് മുന്നണികളെ പിന്തുണച്ച മണ്ഡലം. 1996ന് ശേഷം തുടര്‍ച്ചയായി രാജു എബ്രഹാമിനെ മാത്രം ജയിപ്പിച്ച ചരിത്രം. 1957ല്‍ കോണ്‍ഗ്രസിന്‍റെ വയല ഇടിക്കുളക്ക് ആദ്യ ജയം. ഇടത് സ്വതന്ത്രനായ ഇ.എം തോമസായിരുന്നു എതിരാളി. 1960ല്‍ ഇടിക്കുള ജയം ആവര്‍ത്തിച്ചു. 1965ലെ തെരഞ്ഞെടുപ്പില്‍ വയല ഇടിക്കുള കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരത്തിനെത്തി. കോണ്‍ഗ്രസിന്‍റെ സണ്ണി പനവേലിയെ ഇടിക്കുള തോല്‍പ്പിച്ചു.
1967ല്‍ ആദ്യമായി സിപിഐക്ക് ജയം. എം.കെ ദിവാകരന്‍ കോണ്‍ഗ്രസിന്‍റെ എന്‍.ജെ മാത്യൂസിനെ പരാജയപ്പെടുത്തി. 1970ല്‍ ഇടത് സ്വതന്ത്രന്‍ ജേക്കബ് സഖറിയക്ക് ജയം. കോണ്‍ഗ്രസിന്‍റെ സണ്ണി പനവേലിയെ സ്വതന്ത്രന്‍ തോല്‍പ്പിച്ചു. 1977ല്‍ കേരള കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. കെ.സി.പിയുടെ എഫ് തോമസിനെ തോല്‍പ്പിച്ച് കെ.എ മാത്യു നിയമസഭയിലെത്തി. 1980ല്‍ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥി എം.സി ചെറിയാന്‍ എംഎല്‍എ ആയി. 1982ല്‍ കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന് മത്സരിച്ച സണ്ണി പനവേലി ജയിച്ചു.