പത്തനംതിട്ട: ശബരിമല തീർഥാടകരോട് സർക്കാർ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala On Sabarimala Rush). തീര്‍ഥാടനം ഇത്രയും അവതാളത്തിലെത്തിക്കാൻ ഒരു ഗവണ്‍മെന്‍റും ശ്രമിക്കുകയില്ല. കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് (Ramesh Chennithala Against Kerala Government).
ഇടത്താവളങ്ങളിലും പമ്പയിലും നിലയ്ക്കലിലും അയ്യപ്പഭക്തര്‍ക്കായി യാതൊരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ദര്‍ശനത്തിനായി 18 മുതൽ 20 മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. നിലവില്‍ ദേവസ്വം ബോര്‍ഡും പൊലീസും പരസ്പരം ആരോപണം ഉന്നയിക്കുന്നു.
സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള ശ്രമമാണ് നടക്കുന്നത്. ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വരുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ദേവസ്വം വകുപ്പ് മന്ത്രി അടിയന്തരമായി ശബരിമലയിൽ എത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരക്ക് നിയന്ത്രിക്കാന്‍ ദേവസ്വം ബോര്‍ഡിന്‍റെ നടപടി:ശബരിമലയില്‍ തിരക്ക് വര്‍ധിച്ചതോടെ ദര്‍ശന സമയം നീട്ടി ദേവസ്വം ബോര്‍ഡ്. ഉച്ചയ്‌ക്ക് ശേഷം ഒരു മണിക്കൂറാണ് ദര്‍ശന സമയം നീട്ടിയിരിക്കുന്നത്. നിലവില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് തുറക്കുന്ന ക്ഷേത്രനട ഉച്ചയ്‌ക്ക് ഒരു മണിക്കാണ് അടയ്‌ക്കുന്നത്.