പത്തനംതിട്ട : കോയിപ്രം രമാദേവി കൊലക്കേസില്‍ 17 വര്‍ഷത്തിന് ശേഷം അറസ്റ്റ്. രമാദേവിയുടെ ഭര്‍ത്താവായ റിട്ടയേര്‍ഡ് പോസ്റ്റ്മാസ്‌റ്റര്‍ ജനാര്‍ദ്ദനന്‍ നായരാണ് (75) പിടിയിലായത്. ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്നാണ് ഇയാളെ തിരുവല്ല ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. ഭാര്യയുടെ മേലുള്ള ജനാര്‍ദ്ദനന്‍റെ സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് പിന്നാലെ അയല്‍വാസിയായ തമിഴ്‌നാട് സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം പുരോഗമിച്ചിരുന്നത്. എന്നാല്‍ കേസില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി ജനാര്‍ദ്ദനന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
വിഷയവുമായി ജനാര്‍ദ്ദനന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഡിറ്റക്‌ടീവ് ഇൻസ്പെക്‌ടര്‍ സുനിൽ രാജ് ഏറ്റെടുക്കുകയായിരുന്നു. പിന്നാലെയാണ് ഭര്‍ത്താവ് ജനാര്‍ദ്ദനനിലേക്ക് അന്വേഷണം വഴിമാറിയത്. ഇതോടെ 17 വര്‍ഷത്തിന് ശേഷം കൊലക്കേസില്‍ പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
2006 മെയ് 26ന് വൈകിട്ടാണ് ജനാര്‍ദ്ദനന്‍റെ ഭാര്യ രമാദേവി (50) കൊല്ലപ്പെട്ടത്. കഴുത്തിന് വേട്ടേറ്റ നിലയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ രമാദേവിയെ കണ്ടെത്തുകയായിരുന്നു. കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയുള്ള ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
കേസ് അന്വേഷണം തമിഴ്‌നാട് സ്വദേശിയിലേക്ക് വഴിമാറിയത്: ജനാര്‍ദ്ദനന്‍റെ വീടിന്‍റെ തൊട്ടടുത്ത് കെട്ടിട നിര്‍മാണം നടന്നിരുന്നു. അവിടെ നിര്‍മാണ ജോലിക്കെത്തിയതാണ് തമിഴ്‌നാട് സ്വദേശിയായ ചുടലമുത്തു. ഇയാള്‍ക്കൊപ്പം തമിഴ്‌നാട് സ്വദേശിയായ ഒരു സ്‌ത്രീയും താമസിച്ചിരുന്നു.