പത്തനംതിട്ട:ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ പൊലീസ് റെയ്‌ഡ് നടത്തി. കോന്നി ഡിവൈ.എസ്.പി ബൈജു കുമാര്‍, കോന്നി സി.ഐ രതീഷ്, കൂടല്‍, കോന്നി, മൂഴിയാര്‍ സബ് ഇന്‍സ്‌പെക്‌ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു റെയ്‌ഡ്.
പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റെയ്‌ഡ്; പത്തനംതിട്ടയിൽ 2 പേർ പിടിയിൽ
ഹര്‍ത്താല്‍ ദിവസം വകയാറില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞവരാണ് പിടിയിലായത്.
കുമ്മണ്ണൂര്‍ മുളന്തറ ചരിവ് പുരയിടത്തില്‍ മുഹമ്മദ് ഷാന്‍, കുമ്മണ്ണൂര്‍ മാവനാല്‍ പുത്തന്‍വീട്ടില്‍ അജ്‌മല്‍ ഷാജഹാന്‍, അജ്‌മല്‍ അഹമ്മദ് എന്നിവരുടെ വീടുകളിൽ നടന്ന പരിശോധനയ്ക്ക് ശേഷം മുഹമ്മദ് ഷാനെയും അജ്‌മലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താല്‍ ദിവസം വകയാറില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തിലാണ് ഇരുവരും പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ലഘുലേഖകള്‍, കൊടി തോരണങ്ങള്‍, നോട്ടീസുകള്‍ തുടങ്ങിയവ പരിശോധനയിൽ പൊലീസ് കണ്ടെടുത്തു.
കാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റായ മുഹമ്മദ് ഷാനിന്‍റെ കോന്നി കാളഞ്ചിറയിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഒന്നര മണിക്കൂര്‍ നീണ്ട പരിശോധനയില്‍ സംഘടനയുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസിന് ലഭിച്ചതായാണ് വിവരം. പത്തനംതിട്ട നഗരത്തിലെ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും പൊലീസ് റെയ്‌ഡ് നടത്തി. പത്തനംതിട്ട കുലശേഖരപ്പതി പമ്മം സ്വദേശികളായ മുഹമ്മദ് അലിഫ്, ഷെമീര്‍ ഖാന്‍, അനസ്, ഷെമീര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ഇവർ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും.