50,000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കി സംരക്ഷിക്കും; മന്ത്രി തോമസ് ഐസക് - puthukkulangara
ജനകീയ പങ്കാളിത്തതോടെ നടപ്പാക്കിയ ആദ്യ നദീ പുനരുജീവന പദ്ധതിയാണ് വരട്ടാര്‍ പുനരുജീവനം
പത്തനംതിട്ട: സംസ്ഥാനത്ത് ഈ വര്‍ഷം 50,000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കി വശങ്ങള്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുമെന്ന് മന്ത്രി തോമസ് ഐസക്. ഓതറയില്‍ പുതുക്കുളങ്ങര പാലത്തിന്‍റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനകീയ പങ്കാളിത്തതോടെ നടപ്പാക്കിയ ആദ്യ നദീ പുനരുജീവന പദ്ധതിയാണ് വരട്ടാര്‍ പുനരുജീവനം. എന്നാല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പുനരുജീവന പ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്. പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ കൂടി മുന്‍കൈ എടുക്കണമെന്ന് മന്ത്രി പറഞ്ഞു. രണ്ടാംഘട്ട വരട്ടാര്‍ പുനരുജീവന പദ്ധതി നടപ്പാക്കുന്നതോടൊപ്പം സമ്പൂര്‍ണ ശുചിത്വവും ഉറപ്പ് വരുത്തണം. വരട്ടാറിന്‍റെ തീരപ്രദേശത്ത് പുരയിട കൃഷിക്കുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തണം. സര്‍ക്കാരിന്‍റെ 12 ഇന കര്‍മ്മ പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ എല്ലാ കലക്‌ട്രേറ്റിലും ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ വീണാ ജോര്‍ജ്, സജി ചെറിയാന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.കൃഷ്ണകുമാര്‍, കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലേഖ രഘുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.