പത്തനംതിട്ട: ശബരിമലയിൽ പൂജയ്ക്ക് ആവശ്യമായ പുഷ്‌പങ്ങൾക്കായി ചെടികള്‍ നട്ട് വളർത്താൻ ഒരുങ്ങി പുണ്യം പൂങ്കാവനം അംഗങ്ങള്‍. ശബരിമല പുണ്യം പൂങ്കാവനം കോ-ഓര്‍ഡിനേറ്റര്‍ വി.അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ ഭസ്‌മക്കുളത്തിന് എതിര്‍വശമുള്ള സ്ഥലത്ത് പൂ ചെടികള്‍ വച്ചുപിടിപ്പിക്കും. ഇതിനായി പുണ്യം പൂങ്കാവനം അംഗങ്ങള്‍ സ്ഥലം ശുചീകരിച്ചു. ക്ഷേത്രത്തിനു സമീപമുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കി ദേവസ്വം ബോര്‍ഡിന്‍റെ അനുമതിയോടെയാണ് പൂജാ പുഷ്‌പങ്ങൾക്കായി ചെടികള്‍ വച്ചുപിടിപ്പിക്കുന്നത്.
ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലാണ് കഴിഞ്ഞ വര്‍ഷം വരെ പുണ്യം പൂങ്കാവനം പദ്ധതി നിലനിന്നിരുന്നത്. എന്നാല്‍, ഇത്തവണ കേരളത്തില്‍ ആയിരത്തോളം ക്ഷേത്രങ്ങളിലും, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ക്ഷേത്രങ്ങളിലും വൃശ്ചികം ഒന്നു മുതല്‍ പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് പുണ്യം പൂങ്കാവനം സന്നിധാനം കോ-ഓര്‍ഡിനേറ്റര്‍ വി.അനില്‍കുമാര്‍ പറഞ്ഞു.