പത്തനംതിട്ട:പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. കൊല്ലം പുനലൂർ കരവാളൂർ മാത്ര നിരപ്പത്ത് വാടകയ്ക്ക് താമസിക്കുന്ന അഭിജിത്താണ് (20) കൂടൽ പൊലീസിന്‍റെ പിടിയിലായത്. 2021 ജനുവരി അവസാനമാണ് കേസിനാസ്‌പദമായ സംഭവം. മാതാവ് ജോലിക്കുപോയ സമയം രാത്രിയെത്തിയാണ് യുവാവ് കൗമാരക്കാരിയെ പീഡിപ്പിച്ചത്.
തുടർന്ന്, പെൺകുട്ടി ഗർഭിണിയാവുകയും 2021 ഒക്ടോബർ 25ന് പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്‌തു. പെൺകുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, കുഞ്ഞിനെ ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ഒളിവിൽ പോയ പ്രതിയെ സാഹസികമായാണ് കൂടൽ പൊലീസ് വലയിലാക്കിയത്.
പൊലീസിനെ കബളിപ്പിച്ച് പ്രതി:കൂടൽ പൊലീസ് ഇൻസ്‌പെക്‌ടര്‍ ജി പുഷ്‌പകുമാറാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിയത്. കേരളം വിട്ട പ്രതി ആന്ധ്രാപ്രദേശിൽ പിതാവ് താമസിക്കുന്ന സ്ഥലത്തേക്കാണ് ആദ്യം പോയത്. ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്‍റെ നിർദേശാനുസരണം സൈബർ സെല്ലിന്‍റെ സഹായത്തോടെ സ്ഥലത്തെത്തിയപ്പോള്‍ പൊലീസ് സംഘം അവിടെയത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടു.
ഫോൺ ലൊക്കേഷൻ പിന്തുടർന്ന് അന്വേഷണം പുരോഗമിക്കവേ ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നു. പൊലീസ് അവിടെയെത്തുന്നതിന് മിനിറ്റുകൾക്ക് മുന്‍പ് വിദഗ്‌ധമായി കബളിപ്പിച്ചു രക്ഷപ്പെട്ടു. ആന്ധ്രയിലും തമിഴ്‌നാട്ടിലുമായി മാറിമാറി ഒളിവിൽ കഴിഞ്ഞ പ്രതി തന്ത്രപരമായി കരുക്കൾ നീക്കി പൊലീസ് സംഘത്തിന്‍റെ വലയിൽ ബുധനാഴ്ച്ച (ഒക്‌ടോബര്‍ അഞ്ച്) ഉച്ചയോടെ കുടുങ്ങുകയായിരുന്നു. തുടർന്ന്, തമിഴ്‌നാട്ടിൽ നിന്നും കൂടലിൽ എത്തിച്ച ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാള്‍ കുറ്റം സമ്മതിച്ചു.
പ്രതിയുടെ കൈയിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കുകയും ചെയ്‌തു. തുടർന്ന്, വ്യാഴാഴ്ച്ച (ഒക്‌ടോബര്‍ ആറ്) രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. അന്വേഷണസംഘത്തിൽ എസ്‌ഐ ദിജേഷ്, സിപിഒമാരായ സുമേഷ്, അനൂപ്, രതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.