വാഹനങ്ങളുടെ ശവപ്പറമ്പായി ഒരു പൊലീസ് സ്‌റ്റേഷൻ - പൊലീസ് വാര്‍ത്തകള്‍
ബൈക്ക് മുതൽ ടിപ്പർ ലോറി വരെയുള്ള വാഹനങ്ങളാണ് പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിസരത്ത് കാട് മൂടിയ നിലയിൽ ദ്രവിച്ച് കിടക്കുന്നത്.
പത്തനംതിട്ട: പഴകി ദ്രവിച്ച വാഹനങ്ങളുടെ ശവപ്പറമ്പായി പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിസരം. പൊലീസ്, എക്സൈസ്, റവന്യൂ വകുപ്പുകൾ വിവിധ കേസുകളിലായി പിടിച്ചെടുത്ത ബൈക്ക് മുതൽ ടിപ്പർ ലോറി വരെയുള്ള വാഹനങ്ങളാണ് സ്റ്റേഷൻ പരിസരത്ത് കാട് മൂടിയ നിലയിൽ ദ്രവിച്ച് കിടക്കുന്നത്. തിരുവല്ല റവന്യൂ ടവർ പരിസരത്ത് നിന്നും രണ്ട് വർഷം മുമ്പ് നീക്കം ചെയ്ത വാഹനങ്ങളും ഇവയിൽ ഉൾപ്പെടും. പൊലീസുകാരുടെ വിശ്രമ കേന്ദ്രമായി പ്രവർത്തിക്കുന്ന കെട്ടിടത്തിന് ചുറ്റുമായാണ് വാഹനങ്ങൾ കുന്നുകൂടി കിടക്കുന്നത്. വാഹനങ്ങൾ ഇഴജന്തുക്കളുടെ താവളമായി മാറിയതോടെ സ്റ്റേഷൻ പരിസരത്ത് വിഷപ്പാമ്പുകൾ അടക്കമുള്ളവയുടെ ശല്യം വർധിച്ചതായാണ് പൊലീസുകാർ അടക്കമുള്ളവരുടെ പരാതി.