പത്തനംതിട്ട:കാലിലുണ്ടായ വ്രണം പഴുത്ത് പുഴുവരിക്കുന്ന നിലയിൽ ആരും നോക്കാനില്ലാതെ ദുരിതത്തിൽ കഴിഞ്ഞ ബധിരയും മൂകയുമായ വയോധികയ്ക്ക് രക്ഷകരായി പൊലീസ്. വെച്ചൂച്ചിറ കുംഭിത്തോട് തൈക്കൂട്ടത്തിൽ വീട്ടിൽ ചിന്നമ്മയ്ക്കാണ് വെച്ചൂച്ചിറ പൊലീസ് സഹായ ഹസ്‌തവുമായെത്തിയത്. ചിന്നമ്മയെ പൊലീസ് വെച്ചൂച്ചിറ നവോദയയിൽ പ്രവർത്തിച്ചു വരുന്ന അഗതിമന്ദിരമായ മേഴ്‌സി ഹോമിൽ എത്തിച്ചു.
കാൽ പഴുത്ത് വ്രണമായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു ചിന്നമ്മ. ഇവർ ഏകമകനും മരുമകൾക്കമൊപ്പമാണ് താമസിച്ചുവന്നത്. ഭർത്താവ് വർഷങ്ങൾക്കു മുമ്പ് മരിച്ചു. പിന്നീട് കഷ്ടതകൾ ഏറെ അനുഭവിച്ചാണ് മകനെ ചിന്നമ്മ വളർത്തിയത്. എന്നാൽ മകൻ അസുഖബാധിതയും അവശയുമായ മാതാവിനെ സംരക്ഷിക്കുന്നില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും പരാതിയുയർന്നിരുന്നു.
ഇയാളെ ഇക്കാര്യത്തിന് പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പലതവണ താക്കീത് നൽകിയതാണ്. വർഷങ്ങൾക്ക് മുമ്പ് ചിന്നമ്മയ്ക്ക് പാമ്പിന്‍റെ കടിയേറ്റിരുന്നു. കടിയേറ്റഭാഗം കൂടെക്കൂടെ പഴുത്തു വ്രണമാകുക പതിവാണ്. ഇത്തവണയും ഇത് പഴുത്ത് പുഴുവരിക്കുന്ന നിലയിലായി. സഹായിക്കാനാരുമില്ലാതെ തീവ്രവേദന അനുഭവിച്ചും, ഭക്ഷണം ചോദിച്ചുവാങ്ങി കഴിക്കാൻ നിർവാഹമില്ലാതെയും ദുരിതത്തിൽ കഴിയുകയായിരുന്നു ചിന്നമ്മ.
വൃദ്ധയുടെ അവസ്ഥ പ്രദേശവാസികൾ വെച്ചൂച്ചിറ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇൻസ്‌പെക്‌ടറുടെ നിർദേശാനുസരണം ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ ശ്യാം മോഹൻ, നിവാസ് എന്നിവർ വീട്ടിലെത്തുമ്പോൾ കണ്ടത് ഇവരുടെ കാലിലെ മുറിവിലെ പുഴുക്കളെ കോഴികൾ കൊത്തി തിന്നുന്ന ദയനീയ കാഴ്‌ചയാണ്. ഉടൻ തന്നെ ഇവർക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. മനു വർഗീസിന്‍റെ സേവനം ലഭ്യമാക്കി. അയൽവാസിയുടെ വീട്ടിൽ നിന്നും പൊലീസ് ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്തു, അവരത് ആർത്തിയോടെ കഴിക്കുന്നത് കൂടിനിന്നവരുടെ കണ്ണ് നനയിച്ചു.